| Sunday, 6th February 2022, 7:56 pm

കോണ്‍ഗ്രസുമായി സഖ്യം, പാര്‍ട്ടി വിട്ട് അമ്പതോളം സി.പി.ഐ പ്രവര്‍ത്തകര്‍; പ്രാദേശിക പ്രശ്‌നം മാത്രമാണെന്ന് നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: വരാനിരിക്കുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്ന് സി.പി.ഐയില്‍ നിന്നും രാജിവെച്ച് പ്രവര്‍ത്തകര്‍. വാങ്ജിംഗ് തെന്ത മണ്ഡലത്തിലെ 48 സി.പി.ഐ പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്.

മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് മണിപ്പൂര്‍ പ്രോഗ്രസ്സീവ് സെക്യുലര്‍ അലയന്‍സ് എന്ന പ്രതിപക്ഷസഖ്യത്തിന് നേതൃത്വം നല്‍കുന്നത്. സി.പി.ഐ.എമ്മും സി.പി.ഐയും കോണ്‍ഗ്രസിനൊപ്പം നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്.

എന്നാല്‍, ഇവര്‍ പാര്‍ട്ടി വിട്ടത് ചില തെറ്റിദ്ധാരണകളുടെ പുറത്താണെന്നാണ് സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം ഡോ. എം. നാര പറയുന്നത്.

പാര്‍ട്ടിയിലെ ഒരു നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വമായി ബന്ധപ്പെട്ടുള്ള പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും ഉടന്‍ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റ ഞങ്ങളുടെ ഒരു നേതാവ് ഇത്തവണയും മത്സരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നര മാസത്തോളം നീണ്ടുനിന്ന മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി ഇടതുമുന്നണി അധികം സീറ്റില്‍ മത്സരിക്കണ്ട എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അതുകൊണ്ട് രണ്ട് സി.പി.ഐ നേതാക്കള്‍ പാര്‍ട്ടി വിടുകയും ചെയ്തിരുന്നു,’ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിജയസാധ്യത, സാമ്പത്തികം തുടങ്ങിയ നിരവധി ഘടകങ്ങളുള്ളതിനാല്‍, മറ്റ് ഇടതു പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാതെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് മത്സരിപ്പിക്കാത്തുകൊണ്ടല്ല മറിച്ച് തങ്ങളുടെ ഭാഗത്ത് നിന്നും മികച്ച സ്ഥാനാര്‍ത്ഥികളില്ലാത്തതിനാലാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഏത് നേതാവാണ് സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ പാര്‍ട്ടി വിട്ടതെന്ന് നാര വ്യക്തമാക്കിയിട്ടില്ല.

സി.പി.ഐയുടെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായ ഹോബാം രോബിന്ദ്രോയാണ് കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് പിന്നാലെ പാര്‍ട്ടിയോട് തെറ്റിപ്പിരിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാള്‍, ഇപ്പോല്‍ സി.പി.ഐയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ഒരു പ്രശ്‌നമല്ലെന്നും, 500 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് പോയാലും സഖ്യത്തെ ഒരിക്കലും ബാധിക്കില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

‘സി.പി.ഐയിലെ ചിലര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. സി.പി.ഐയില്‍ തുടരുന്നവര്‍ പ്രതിപക്ഷസഖ്യത്തെ പിന്തുണയ്ക്കുമോ എന്ന് ആശങ്കയുണ്ട്,’ കോണ്‍ഗ്രസ് വക്താവ് കെ. ദേബബ്രത പറഞ്ഞു.

സംസ്ഥാനത്തിന്റെ പ്രാദേശിക അഖണ്ഡത സംരക്ഷിക്കുന്നതില്‍ കേന്ദ്രീകരിച്ചാവും പ്രവര്‍ത്തിക്കുക എന്നതാണ് തങ്ങളുടെ പൊതു അജണ്ടയെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷസഖ്യം വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 27നാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Content Highlight:  Manipur opposition alliance unfazed by resignations in CPI

We use cookies to give you the best possible experience. Learn more