മുഖ്യമന്ത്രി പരാജയമാണ്; മണിപ്പൂരിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടു; മോദിയോട് പരാതിപ്പെട്ട് ബി.ജെ.പി എം.എല്‍.എമാര്‍
national news
മുഖ്യമന്ത്രി പരാജയമാണ്; മണിപ്പൂരിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടു; മോദിയോട് പരാതിപ്പെട്ട് ബി.ജെ.പി എം.എല്‍.എമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st June 2023, 3:24 pm

ന്യൂദല്‍ഹി: മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരില്‍ പൊതുജനങ്ങള്‍ക്ക് പൂര്‍ണമായും വിശ്വാസം നഷ്ടപ്പെട്ടെന്ന് കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച് ഭരണകക്ഷിയുടെ ഭാഗമായ എം.എല്‍.എമാര്‍. ബി.ജെ.പി പിന്തുണയ്ക്കുന്ന മെയ്തി വിഭാഗത്തില്‍ പെടുന്ന ഒമ്പത് എം.എല്‍.എമാരാണ് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് നരേന്ദ്ര മോദിയുടെ ഓഫീസിലേക്ക് പരാതി അയച്ചതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ സംസ്ഥാന സര്‍ക്കാരില്‍ പൊതുജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി മണിപ്പൂരില്‍ നിന്നുള്ള ഒമ്പത് മെയ്തി എം.എല്‍.എമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. ഇവരില്‍ എട്ട് പേര്‍ ബി.ജെ.പി എം.എല്‍.എമാരും അതിലൊരാള്‍ എന്‍. ബിരേന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്രനുമാണ്.

സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്ന് ഭരണകക്ഷി എം.എല്‍.എമാര്‍ പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ‘സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി കാണുന്നില്ല.

നിലവിലെ അക്രമങ്ങള്‍ കാരണം 100ലേറെ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുകയും, വിലപ്പെട്ട സ്വത്തുക്കള്‍ക്ക് നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള സര്‍ക്കാരിലും ഭരണത്തിലും ഞങ്ങള്‍ക്ക് വിശ്വാസമില്ല. സംസ്ഥാന സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് പൂര്‍ണമായും വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.

നിയമവാഴ്ച പാലിച്ചുകൊണ്ട് സര്‍ക്കാരിന്റെ ശരിയായ ഭരണത്തിനും പ്രവര്‍ത്തനത്തിനുമുള്ള അടിയന്തര നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം. അങ്ങനെ മാത്രമെ പൊതുജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കപ്പെടൂ,’ എം.എല്‍.എമാര്‍ പരാതിയില്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജിവെക്കണമെന്ന് ബി.ജെ.പിയിലെയും സഖ്യകക്ഷിയിലെയും നിയമസഭാംഗങ്ങള്‍ തന്നെ ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിസന്ധികള്‍ക്ക് പരിഹാരം ബിരേന്‍ സിങ്ങിന്റെ രാജിയാണെന്നും ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

ബി.ജെ.പിയെ പിന്തുണച്ചിരുന്ന കുക്കി വിഭാഗത്തില്‍ നിന്നുള്ള 10 എം.എല്‍.എമാരും മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മണിപ്പൂരിലെ അക്രമങ്ങള്‍ക്ക് തടയിടുന്നതിലും വിഷയം കൈകാര്യം ചെയ്യുന്നതിലും സര്‍ക്കാര്‍ പരാജയമാണെന്നും കഴിയുന്നത്ര വേഗത്തില്‍ പരിഹാരം കാണുകയാണ് വേണ്ടതെന്നും എം.എല്‍.എമാരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഓരോ ദിവസം കഴിയുംതോറും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സഖ്യകക്ഷികള്‍ക്കിടയില്‍ നിന്ന് തന്നെ പ്രതിഷേധം ശക്തമാകുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇത് ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് പാര്‍ട്ടിയുടെ എം.എല്‍.എമാര്‍ തന്നെ പറയുന്നതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: manipur mla’s complains about biren singh and bjp govt