ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഭരണകക്ഷിയായ ബി.ജെ.പിയേയും വിമര്‍ശിച്ചതിന് മണിപ്പൂരി മാധ്യമപ്രവര്‍ത്തകനെതിരെ നടപടി. ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴില്‍ മണിപ്പൂരി മാധ്യമപ്രവര്‍ത്തകനായ കിഷോരി ചന്ദ്ര വാങ്കേമിനെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
നവംബര്‍ 27നാണ് കിഷോരി ചന്ദ്രയെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വിലങ്ങുതടിയായി നില്‍ക്കുന്നത് തടയാനെന്ന പേരിലായിരുന്നു നടപടി. മോദിയേയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബൈറണ്‍ സിങ്ങിനേയും വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തതിനു പിന്നാലെയായിരുന്നു ഇത്.
ബൈറന്‍ സിങ്ങിനെ മോദിയുടെ കളിപ്പാവ എന്ന് വീഡിയോയില്‍ വിശേഷിപ്പിച്ചെന്നാണ് ആരോപണം. കൂടാതെ മണിപ്പൂരുമായി യാതൊരു ബന്ധവുമില്ലാത്ത രജപുത്ര റാണി ലക്ഷ്മിഭായിയുടെ ജന്മവാര്‍ഷിക പരിപാടി സംഘടിപ്പിച്ച ആര്‍.എസ്.എസിനേയും വീഡിയോയില്‍ വിമര്‍ശിച്ചിരുന്നു.
ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള ഏറ്റവും കൂടിയ ശിക്ഷയാണ് ഒരു വര്‍ഷത്തെ തടവ്. ഇതിനെ നിയമപരമായി നേരിടുമെന്ന് കിഷോരിചന്ദ്രയുടെ കുടുംബം വ്യക്തമാക്കി.
അറസ്റ്റിനെ അപലപിച്ച് ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും രംഗത്തുവന്നിരുന്നു. എന്നാല്‍ ഓള്‍ മണിപ്പൂര്‍ വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയനില്‍ നിന്നും അദ്ദേഹത്തിന് പിന്തുണയൊന്നും ലഭിച്ചിട്ടില്ല. സോഷ്യല്‍ മീഡിയ കുറിപ്പ് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്നതല്ലയെന്നു പറഞ്ഞാണ് മണിപ്പൂരിലെ ജേണലിസ്റ്റ് യൂണിയന്‍ അവരുടെ പിന്മാറ്റത്തെ ന്യായീകരിച്ചത്.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ള നിയമമായി ദേശീയ സുരക്ഷാ നിയമം നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.