| Thursday, 4th May 2023, 6:29 pm

മണിപ്പൂര്‍ സംഘര്‍ഷം; ആവശ്യമെങ്കില്‍ അക്രമകാരികളെ വെടിവെക്കാന്‍ ഗവര്‍ണറുടെ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ ഭൂരിപക്ഷ സമുദായമായ മെയ്തി വിഭാഗത്തെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തിനെതിരെ ന്യൂനപക്ഷ ഗോത്രവിഭാഗങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധം തുടരുന്നതിനിടെ അക്രമബാധിത പ്രദേശങ്ങളില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി പൊലീസ്. ആവശ്യമെങ്കില്‍ അക്രമകാരികളെ വെടിവെക്കാനാണ് ഗവര്‍ണര്‍ രഞ്ജിത് സിങ്ങിന്റെ നിര്‍ദേശം.

കഴിഞ്ഞ രാത്രി ഇംഫാല്‍, ചുരചന്ദ്പൂര്‍, കങ്ക്പൊക്പി എന്നിവിടങ്ങളില്‍ അക്രമം നടന്നതിന് പിന്നാലെ എട്ട് ജില്ലകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വൈദ്യുതബന്ധം വിഛേദിച്ചിട്ടുണ്ട്.

ഇംഫാലിലെ ചില പ്രദേശങ്ങളില്‍ ഇന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിനായി സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനാണ് ഇന്ന് സൈന്യം അക്രമ പ്രദേശങ്ങളില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തിയത്. അക്രമത്തെ തുടര്‍ന്ന് 7500 ലധികം ആളുകളെ സൈന്യം ക്യാമ്പിലേക്കും സര്‍ക്കാര്‍ ഓഫീസുകളിലേക്കുമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

‘മണിപ്പൂരില്‍ ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനായി സൈന്യവും അസം റൈഫിള്‍സും രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം നടത്തി. 7500 ഓളം പ്രദേശവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മണിപ്പൂര്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സൈന്യം പ്രതിജ്ഞാബന്ധരാണ്’, സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.

പട്ടികവര്‍ഗ പദവിക്ക് വേണ്ടിയുള്ള ഗോത്രവര്‍ഗമല്ലാത്ത മെയ്തി സമുദായത്തിന്റെ ആവശ്യത്തിനെതിരെ ബുധനാഴ്ച ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍ ചുരാചന്ദ്പൂര്‍ ജില്ലയിലെ ടോര്‍ബംഗില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് നടത്തിയിരുന്നു. ആയിരക്കണക്കിന് ആളുകളായിരുന്നു ഈ റാലിയില്‍ പങ്കെടുത്തത്.

മെയ്തി വിഭാഗത്തിന് എസ്.ടി. പദവി നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയും ഗോത്രവിഭാഗങ്ങളും മെയ്തി വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയുമായിരുന്നു.

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കേണ്ടിയിരുന്ന വേദിയും സംസ്ഥാനത്തെ അക്രമങ്ങളില്‍ തകര്‍ക്കപ്പെട്ടു.

ഗോത്രവര്‍ഗ മേഖലയായ ചുരാചന്ദ്പുര്‍, സിംഗ്നാഥ്, മുവാല്ലം തുടങ്ങിയ മേഖലകളിലാണ് സംഘര്‍ഷം വ്യാപിക്കുന്നത്. നിരവധി ഗോത്രവര്‍ഗ വീടുകളും വനം വകുപ്പിന്റെ ഓഫീസുകളുമെല്ലാം തീവെച്ച് നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കാങ്വായി തുര്‍ബുങ് മേഖലയില്‍ ജനക്കൂട്ടം പരസ്പരം കല്ലെറിയുകയും ബിഷ്ണുപുരില്‍ ചില സ്മാരകങ്ങള്‍ തീവെച്ചുനശിപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ സുരക്ഷാ സേനയെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായി സംസാരിച്ചു. സംസ്ഥാനത്തെ അക്രമ ബാധിത പ്രദേശങ്ങളിലേക്ക് കേന്ദ്രം റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ടീമുകളെ അയച്ചിട്ടുണ്ട്.

‘ക്രമസമാധാനം നില നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അധിക പാരാ മിലിട്ടറി സേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും എതിരെ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’, മന്ത്രി പറഞ്ഞു.

ഇതിനിടെ മണിപ്പൂരിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ട് ബോക്സിങ് താരം മേരി കോം രംഗത്ത് വന്നു. സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു താരത്തിന്റെ ട്വീറ്റ്.

മണിപ്പൂരില്‍ 53 ശതമാനം ജനസംഖ്യയുള്ള വിഭാഗമാണ് ഭരണകക്ഷിയായ ബി.ജെ.പി. അനുകൂല വിഭാഗമായ മെയ്തി സമുദായം. മ്യാന്‍മറില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ള കുടിയേറ്റം തങ്ങളുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെയ്തി വിഭാഗക്കാര്‍ സംവരണം ആവശ്യപ്പെടുന്നത്.

Content Highlight: Manipur Issues “Shoot At Sight” Orders In “Extreme Cases” Amid Violence

We use cookies to give you the best possible experience. Learn more