ഇംഫാല്‍: മണിപ്പൂര്‍ ബിഷ്ണുപുര്‍ ജില്ലയില്‍ വെള്ളിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ക്വാക്ത പ്രദേശത്തെ മെയ്തി സമുദായത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം നിരവധി കുകി സമുദായത്തില്‍പ്പെട്ടവരുടെ വീടുകളും കത്തി നശിപ്പിച്ചിട്ടുണ്ടെന്നും ബിഷ്ണുപുര്‍ പൊലീസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെയ്തി മേഖലയില്‍ ബഫര്‍ സോണ്‍ മറികടന്ന് വന്ന് ചിലര്‍ വെടിവെക്കുകയാണെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ബിഷ്ണുപുര്‍ ജില്ലയില്‍ സായുധസേനയും മെയ്തി സമുദായക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ കുകി വനിതകള്‍ അര്‍ധസൈനിക വിഭാഗത്തിലെ ജവാന്റെ കാല്‍പിടിച്ച് രക്ഷിക്കണമെന്നാവശ്യപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കാങ്പോക്പി ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാങ്പോക്പി ജില്ലയില്‍ വിന്യസിച്ചിരിക്കുന്ന അസം റൈഫിള്‍സിനെ മറ്റ് ജില്ലകളിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് ഇതുണ്ടാകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകള്‍ ജവാന്റെ കാല്‍ പിടിച്ചത്.
അസം റൈഫിള്‍സ് മാറിയാല്‍ ഇവിടെ മെയ്തികളുടെ ആക്രമണം ഉണ്ടാകുമെന്നും തങ്ങള്‍ക്ക് സുരക്ഷ ഉണ്ടാകില്ലെന്നും പറഞ്ഞാണ് കുകി സ്ത്രീകള്‍ ജവാന്റെ കാല് പിടിച്ചു കരയുന്നത്. മൊറയിലും ചുരാചന്ദ്പൂരിലും അസം റൈഫിള്‍സിനെ തന്നെയാണ് വിന്യസിച്ചിട്ടുള്ളത്.
മെയ് മൂന്നിന് തുടങ്ങിയ കലാപത്തില്‍ ഇതുവരെ 160ലധികം ആളുകളാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിലും ആയുധപ്പുരകളിലും അതിക്രമിച്ച് കയറി ജനക്കൂട്ടം ഇതുവരെ 4000 ആയുധങ്ങളും 50,000 വെടിയുണ്ടകളും കൊള്ളയടിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ 1000 ആയുധങ്ങള്‍ മാത്രമാണ് അധികൃതര്‍ക്ക് തിരിച്ചെടുക്കാനായത്.
CONTENT HIGHLIGHTS: manipur issue; 3 meithies killed; houses of kukis were burned