ന്യൂദല്‍ഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ തന്നെ ഏറെ വേദനപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
‘മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചതിന് ഒരിക്കലും മാപ്പ് നല്‍കാനാകില്ല. സംഭവം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കി. കുറ്റവാളികളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കുകയില്ല’, മോദി പറഞ്ഞു.
കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിനല്‍കാന്‍ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
‘രാജസ്ഥാനോ ഛണ്ഡിഗഡോ മണിപ്പൂരോ ആകട്ടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ മുഖ്യമന്ത്രിമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണം’, മോദി പറഞ്ഞു.
സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നേരത്തെ രംഗത്തെത്തിയിരുന്നു. മണിപ്പൂരില്‍ നിന്നും പുറത്ത് വന്ന രണ്ട് കുക്കി സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ വീഡിയോ അപലപനീയവും മനുഷ്യത്വരഹിതവുമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായി സംസാരിച്ചിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.
‘മണിപ്പൂരില്‍ നിന്നും പുറത്ത് വന്ന രണ്ട് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന്റെ ഭയാനകമായ വീഡിയോ അപലപനീയവും മനുഷ്യത്വരഹിതവുമാണ്. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായി സംസാരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്’, സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.
2023 മെയ് നാലിനാണ് കുക്കി വിഭാഗത്തില്‍പ്പെടുന്ന രണ്ട് സ്ത്രീകളെ മെയ്തി വിഭാഗക്കാരായ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും വഴിയിലൂടെ നഗ്നരാക്കി നടത്തിച്ചതെന്നും ഇന്‍ഡിജീനിസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐ.ടി.എല്‍.എഫ്) പറയുന്നു.
ഇവരുടെ കുടുംബത്തിലെ രണ്ട് പുരുഷന്മാരെ തല്ലിക്കൊന്നതിന് ശേഷമായിരുന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. മെയ്തി വിഭാഗക്കാരാണ് അക്രമികളെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഐ.ടി.എല്‍.എഫ് നേരത്തെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
രണ്ട് സ്ത്രീകളെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്‌നരാക്കി നടത്തിക്കുന്ന വീഡിയോ ബുധനാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് പ്രതിപക്ഷത്ത് നിന്നുള്‍പ്പെടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Content Highlight: Manipur incident shamed for the country: Narendra modi