| Thursday, 20th July 2023, 12:51 pm

മണിപ്പൂരില്‍ സത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; പ്രധാന പ്രതി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. തൗബല്‍ ജില്ലയില്‍ നിന്നുമാണ് ഹെരദാസ് എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് പിടികൂടിയിരിക്കുന്നത്.

രണ്ട് സ്ത്രീകളെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ ബുധനാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മെയ് നാലിന് കാങ്‌പോക്പി ജില്ലയിലായിരുന്നു സംഭവം നടന്നത്. കുറ്റവാളികള്‍ക്ക് വധ ശിക്ഷ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു. മനുഷ്യത്വരഹിതമായി സ്ത്രീകളോട് പെരുമാറുന്നത് വീഡിയോയില്‍ കണ്ടത് ഏറെ വേദനിപ്പിച്ചു. സംഭവത്തിലെ ആദ്യ അറസ്റ്റ് പൊലീസ് ഇന്ന് രാവിലെ രേഖപ്പെടുത്തി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്, പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തട്ടികൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ പിടികൂടുന്നതിനായി പന്ത്രണ്ട് അംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

സംഭവ നടന്ന ദിവസം 800-1000 ആളുകള്‍ ആയുധങ്ങളുമായി ബി ഫൈനോം ഗ്രാമത്തില്‍ പ്രവേശിക്കുകയും വീടിന് തീവെക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മെയ്തി വിഭാഗക്കാരാണ് പ്രതികളെന്നാണ് സംശയിക്കപ്പെടുന്നത്.

ആക്രമത്തില്‍ രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും കാടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇവരെ പിന്നീട് നോങ്‌പോക് സെക്മയ് പൊലീസ് സംഘം രക്ഷപ്പെടുത്തി. ആക്രമണത്തില്‍ ഒരു പുരുഷനെ ആള്‍കൂട്ടം കൊല്ലുകയും മൂന്ന് സ്ത്രീകളെ വസ്ത്രങ്ങളഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു. ഇതില്‍ ഒരു സ്ത്രീയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും തടയാന്‍ ശ്രമിച്ച സഹോദരനെ കൊലപ്പെടുത്തുകയും ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു.

അതേസമയം, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിനല്‍കാന്‍ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംഭവം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്നും കുറ്റവാളികളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരിലെ സംഭവം അപലപനീയവും മനുഷ്യത്വരഹിതവുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായി സംസാരിച്ചിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

2023 മെയ് നാലിനാണ്  കുകി വിഭാഗത്തില്‍പ്പെടുന്ന രണ്ട് സ്ത്രീകളെ മെയ്തി വിഭാഗക്കാരായ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും വഴിയിലൂടെ നഗ്നരാക്കി നടത്തിച്ചതെന്നും ഇന്‍ഡിജീനിസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐ.ടി.എല്‍.എഫ്) പറയുന്നു.

ഇവരുടെ കുടുംബത്തിലെ രണ്ട് പുരുഷന്മാരെ തല്ലിക്കൊന്നതിന് ശേഷമായിരുന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതെന്നും മെയ്തി വിഭാഗക്കാരാണ് അക്രമികളെന്നും ഐ.ടി.എല്‍.എഫ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

Content Highlight: Manipur incident: key accused has been arrested

We use cookies to give you the best possible experience. Learn more