ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെണ്‍ സിങ്ങിനെയും വിമര്‍ശിച്ചു കൊണ്ട് ഫേസ്ബുക്കില്‍ വീഡിയോ ഇട്ടതിന് ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്കേമിനെ വിട്ടയ്ക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവ്.
ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മോചനം സാധ്യമാവുമെന്ന് കിഷോര്‍ചന്ദ്രയുടെ ഭാര്യ രഞ്ജിത എലംങ്ബാം പറഞ്ഞു.
മണിപ്പൂരില്‍ ബി.ജെ.പി ത്സാന്‍സി റാണി ലക്ഷ്മിഭായിയുടെ ജന്മവാര്‍ഷികാഘോഷ പരിപാടികള്‍ നടത്തിയതിനെതിരെയാണ് കിഷോര്‍ചന്ദ്ര ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. മണിപ്പൂര്‍ ദേശീയതയുമായി യാതൊരു ബന്ധവുമില്ലാത്ത പരിപാടിയായിരുന്നതെന്നും സര്‍ക്കാര്‍ മോദിയുടെയും ഹിന്ദുത്വത്തിന്റെയും കളിപ്പാവയായി പ്രവര്‍ത്തിക്കുകയാണ് എന്നുമായിരുന്നു വിമര്‍ശനം.
കഴിഞ്ഞ വര്‍ഷം നവംബര്‍ 21നാണ് കിഷോര്‍ അറസ്റ്റിലായത്. തുടര്‍ന്ന് നവംബര്‍ 27നാണ് അദ്ദേഹത്തിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത്.
അറസ്റ്റിലായതിന് ശേഷം കിഷോര്‍ ചന്ദ്രയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.