| Saturday, 17th April 2021, 8:12 am

കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയ എം.എല്‍.എയുടെ വിജയം റദ്ദാക്കി മണിപ്പൂര്‍ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: മണിപ്പൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയ എം.എല്‍.എയുടെ വിജയം റദ്ദാക്കി ഹൈക്കോടതി. കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് പോയ ഒക്രം ഹെന്റിയെയാണ് എം.എല്‍.എ സ്ഥാനത്ത് നിന്നും ഹൈക്കോടതി അയോഗ്യനാക്കിയത്.

ബി.ജെ.പി നേതാവും ഒക്രം ഹെന്റിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ത്ഥികൂടിയായ യുംഖം എറബോട്ട് സിംഗ് നല്‍കിയ പരാതിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് എം. വി മുരളീധരന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

2017ലെ തെരഞ്ഞെടുപ്പില്‍ ഒക്രം ഹെന്റി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട വിവരം മറച്ചുവെച്ചതായും എറബോട്ട് സിംഗ് നല്‍കിയ ഹരജിയില്‍ പറയുന്നു.

ഹെന്റി തെറ്റായ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് അംഗീകരിച്ച കോടതി തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം ലഭിച്ച യുംഖം സിങിനെ വാങ് കേയ് മണ്ഡലത്തില്‍ നിന്നുള്ള വിജയി ആയി പ്രഖ്യാപിക്കുകയും ചെയ്തു.

2017ലെ തെരഞ്ഞെടുപ്പില്‍ ഹെന്റി ഉയര്‍ന്ന വിദ്യാഭ്യാസമായി നല്‍കിയത് പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ബി.എ കരസ്ഥമാക്കിയെന്നാണ്. മണിപ്പൂര്‍ സി.ബി.എസ്.ഇ പബ്ലിക്ക് സ്‌കൂളില്‍ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസായതായും നല്‍കിയിരുന്നു.

ഒക്രം ഹെന്റിക്കെതിരായ ക്രിമിനല്‍ കേസും നാര്‍ക്കോട്ടിക്‌സ് കേസിനെ സംബന്ധിച്ചും സത്യവാങ് മൂലത്തില്‍ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. മുന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിന്റെ മരുമകനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഹെന്റി.

കഴിഞ്ഞ ഓഗസ്റ്റിലാണ് കോണ്‍ഗ്രസ് വിട്ട് ഒക്രം ഹെന്റി മറ്റു അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ക്കൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നത്. സെപ്തംബറില്‍ എന്‍. ബിരേന്‍ സിംഗ് കാബിനറ്റ് മന്ത്രിമാരെ ഒഴിവാക്കി ഹെന്‍ റി ഉള്‍പ്പെടെ അഞ്ച് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. സാമൂഹ്യക്ഷേമം, സഹകരണം തുടങ്ങിയ വകുപ്പുകളായിരുന്നു ഹെന്‍ റി വഹിച്ചിരുന്നത്.

2017ലെ തെരഞ്ഞെടുപ്പില്‍ ഹെന്‍ റിക്ക് 16,753 വോട്ടുകളും യുംഖം സിങ്ങിന് 12,417 വോട്ടുകളുമാണ് ലഭിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Manipur High Court Cancels Election Of Congress MLA Who Joined BJP recently

We use cookies to give you the best possible experience. Learn more