ഇംഫാൽ: മണിപ്പൂരിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നു. മണിപ്പൂർ സർക്കാർ സൈനികർക്ക് പ്രത്യേക അധികാരം നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവർ ആക്ട് ((അഫ്‌സ്പ) നിയമ പ്രകാരം സംസ്ഥാനം മുഴുവൻ ‘പ്രശ്നബാധിത ഇടമായി’ പ്രഖ്യാപിച്ചു. അടുത്ത ആറ് മാസത്തേക്കാണ് (അഫ്‌സ്പ പ്രഖ്യാപിച്ചത്. പ്രതിഷേധക്കാർ തൗബാലിൽ ബി.ജെ.പി ഓഫീസിന് തീയിട്ടു.
എന്നാൽ തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെ 19 പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇത് ബാധകമായിരിക്കില്ല. ഇതിൽ കലാപത്തിന്റെ പ്രധാനകേന്ദ്രമായ ബിഷ്ണുപുർ ഉൾപ്പെട്ടിട്ടില്ല. മെയ്തെയ് ഭൂരിപക്ഷ പ്രദേശങ്ങൾ പ്രശ്നബാധിത മേഖലയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കൂകി കേന്ദ്രങ്ങളിലാണ് അഫ്‌സ്പ പ്രഖ്യാപിച്ചതെന്നും ആരോപണമുണ്ട്.
എന്നാൽ തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെ 19 പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇത് ബാധകമായിരിക്കില്ല.
മെയ്തേയ് വിഭാഗത്തിലുള്ള രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി ആയുധധാരികളെന്ന് സംശയിക്കുന്ന ആളുകൾ കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രതിഷേധങ്ങൾ വീണ്ടും പൊട്ടിപ്പുറപ്പെട്ടിരുന്നു. പേടിച്ചിരിക്കുന്ന കൗമാരക്കാരുടെ പിറകിൽ ആയുധധാരികൾ നിൽക്കുന്ന ഫോട്ടോയും പിന്നീട് ഇരുവരുടെയും മൃതശരീരങ്ങളുടെ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അഞ്ച് മാസത്തെ ഇന്റർനെറ്റ് വിച്ഛേദം സർക്കാർ പുനസ്ഥാപിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന്, ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിൽ പ്രതിഷേധിക്കുകയും മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന്റെ വസതിയിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.
വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ കേസ് സി.ബി.ഐയെ ഏല്പിച്ചിരിക്കുകയാണ്. സ്പെഷ്യൽ ഡയറക്ടർ അജയ് ഭട്നഗറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഇംഫാലിൽ എത്തിയിരുന്നു.
അതേസമയം, ജൂലൈ ആറിന് കാണാതായ 20കാരനും 17കാരിയും ഒളിച്ചോടിയതാണെന്നും കൂകി സമുദായം തിങ്ങിപ്പാർക്കുന്ന മേഖലയിൽ എത്തിയ ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.
Content Highlight: Manipur govt declares entire state ‘disturbed area’ under AFSPA amid unrest