മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ മണിപ്പൂര്‍ സര്‍ക്കാരിന്റെ കേസ്; എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയില്‍
national news
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ മണിപ്പൂര്‍ സര്‍ക്കാരിന്റെ കേസ്; എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th September 2023, 12:06 pm

ന്യൂദല്‍ഹി: മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. മണിപ്പൂര്‍ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്.

നേരത്തെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ മണിപ്പൂരിലെ വിഷയങ്ങള്‍ പഠിക്കാന്‍ വേണ്ടി ഒരു വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി മണിപ്പൂര്‍ സന്ദര്‍ശിക്കുയും വിവിരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. മണിപ്പൂരില്‍ സര്‍ക്കാര്‍ മെയ്തി വിഭാഗത്തിന് അുകൂലമായാണ് നിലപാടെടുക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രസക്തഭാഗം.

ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് മണിപ്പൂര്‍ സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. ഈ കേസിലെ എഫ്.ഐ.ആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 32 അനുസരിച്ച് നേരിട്ട് സുപ്രീം കോടതിയെ സമീപക്കുകയായിരുന്നു. ഈ കേസ് ഉടന്‍ തന്നെ പരിഗണിക്കാമെന്ന് സുപ്രീം കോടതി ഉറപ്പ് നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനാണ് എഡിറ്റേഴ്‌സ് ഗില്‍ഡിന് വേണ്ടി ഹാജരാകുന്നത്.

content highlights; Manipur government’s case against media workers; Editors Guild in Supreme Court