ഇംഫാല്‍: മിസോറമിലുള്ള മെയ്തി വിഭാഗക്കാരെ സംസ്ഥാനത്തേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി സൂചന. സുരക്ഷ മുന്‍നിര്‍ത്തി മെയ്തി വിഭാഗക്കാരോട് സംസ്ഥാനം വിടണമെന്ന് മിസോറമിലെ മുന്‍ വിഘടനവാദ ഗ്രൂപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. രണ്ട് കുകി സ്ത്രീകളെ അക്രമികള്‍ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മിസോറമിലെ യുവാക്കള്‍ രോഷാകുലരാണെന്ന് സംഘടന പറയുന്നു.
ഐസ്‌വാളില്‍ നിന്നും പ്രത്യേക എ.ടി.ആര്‍ വിമാനത്തില്‍ മെയ്തി വിഭാഗക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഐസ്‌വാളിലെ മെയ്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളെല്ലാം പൊലീസ് ഒരുക്കിയിട്ടുണ്ട്. വെറ്റി കൊളേജ്, മിസോറം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ മെയ്തി വിഭാഗക്കാര്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
‘മണിപ്പൂരിലെ കുകി സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ മെയ്തി വിഭാഗക്കാര്‍ക്കെതിരെ കടുത്ത ജനരോഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഐസ്‌വാളില്‍ താമസിക്കുന്ന മെയ്തി വിഭാഗങ്ങളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഐസ്‌വാളില്‍ താമസിക്കുന്ന മെയ്തിക്കാര്‍ക്ക് സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്,’ പൊലീസ് അറിയിച്ചു.
മണിപ്പൂരില്‍ നിന്നും തെക്കന്‍ അസമില്‍ നിന്നുമുള്ള ആയിരക്കണക്കിന് മെയ്തികള്‍ മിസോറമില്‍ താമസിക്കുന്നുണ്ട്. മെയ്തികളെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെങ്കിലും, എപ്പോഴാണ് മെയ്തികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങുന്നതെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
‘ഐസ്‌വാളിലുള്ള മെയ്തി വിഭാഗക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ എപ്പോഴാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല,’ ഐസ്‌വാളില്‍ താമസിക്കുന്ന മെയ്തി വിദ്യാര്‍ത്ഥി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷ മുന്‍നിര്‍ത്തി എത്രയും വേഗം സംസ്ഥാനം വിടണമെന്ന് എം.എന്‍.എസ് റിട്ടേണിസ് അസോസിയേഷന്‍ മെയ്തി വിഭാഗക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മിസോറമിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെയ്തി വിഭാഗക്കാരുടെ സെന്‍സസ് നടത്തുമെന്ന് മിസോ സ്റ്റുഡന്റ് യൂണിയനും അറിയിച്ചിരുന്നു.
‘മിസോറമിലെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണ്. മണിപ്പൂരില്‍ നടന്ന അതിക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ നിന്നുള്ള മെയ്തി വിഭാഗക്കാര്‍ മിസോറമില്‍ സുരക്ഷിതരല്ല,’ എം.എന്‍.എസ് റിട്ടേണിസ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, മിസോറമില്‍ കഴിയുന്ന മെയ്തികള്‍ക്ക് സുരക്ഷ ഉറപ്പ് നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
മെയ് മൂന്നിന് മണിപ്പൂരില്‍ ആരംഭിച്ച കലാപത്തില്‍ ഇതുവരെ 160ല്‍ കൂടുതല്‍ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂട്ട ബലാത്സംഗ കേസുകള്‍ ഉള്‍പ്പെടെ നിരവധി അനിഷ്ടസംഭവങ്ങള്‍ ഈ കാലയളവില്‍ സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Content Highlight: Manipur government plan to airlift meitis from mizoram