| Tuesday, 31st October 2023, 6:27 pm

കുക്കി സംഘടനയായ വേള്‍ഡ് കുക്കി സോ ഇന്റലക്ച്വല്‍ കൗണ്‍സിലിനെ നിരോധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ കുക്കി സംഘടനയെ നിരോധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് ചേര്‍ത്ത മന്ത്രിസഭയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.

മണിപ്പൂര്‍ പൊലീസിലെ എസ്.ഡി.പി.ഒ മോറെ ചിങ്ങം ആനന്ദ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സംഘടനയെ നിരോധിച്ചത്. വേള്‍ഡ് കുക്കി സോ ഇന്റലക്ച്വല്‍ കൗണ്‍സിലിനെ (WKZIC) 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ സെക്ഷന്‍ പ്രകാരം നിയവിരുദ്ധ സംഘടനയായി മണിപ്പൂര്‍ ക്യാബിനറ്റ് അടിയന്തര യോഗത്തില്‍ പ്രഖ്യാപിച്ചു.

കുറ്റകൃത്യത്തിന് ഉത്തരവാദികളായ പ്രതികളെ പിടികൂടാന്‍ മോറയിലും സമീപ പ്രദേശങ്ങളിലും സംയുക്ത ഓപ്പറേഷന്‍ ആരംഭിക്കാനും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ തുടരാനും മന്ത്രിസഭ നിര്‍ദേശിച്ചു. ഇതിനായി ഇംഫാലില്‍ നിന്ന് കൂടുതല്‍ സേനയെ മിഷന്റെ ഭാഗമാക്കാനും ക്യാബിനറ്റ് പറഞ്ഞു.

ആയുധങ്ങളും ബോംബുകളുള്‍പ്പെടെയുള്ള വെടിക്കോപ്പുകളും സ്റ്റോക്ക് ചെയ്യാന്‍ കുക്കി-സോ സി.എസ.്ഒകളോട് ആഹ്വാനം ചെയ്തതിന് വേള്‍ഡ്-കുക്കി സോ ഇന്റലക്ച്വല്‍ കൗണ്‍സിലിനെതിരെ (WKZIC) ചുരാചന്ദ്പൂര്‍ പോലീസ് സ്റ്റേഷന്‍ കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

വംശീയ സംഘട്ടനത്തില്‍ ഇരു വിഭാഗങ്ങളും സംയമനം പാലിക്കുന്നുണ്ടെന്നും കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളായി മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്നും ക്യാബിനറ്റ് ചൂണ്ടി കാട്ടി.

content highlight :Manipur government declares World Kuki-Zo Intellectual Council as an unlawful organization

We use cookies to give you the best possible experience. Learn more