| Thursday, 12th October 2023, 12:01 pm

മണിപ്പൂരില്‍ നിന്നും വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോകള്‍ ഇനി പുറത്തുവരരുത്; നടപടിയുമായി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മണിപ്പൂര്‍: മണിപ്പൂരില്‍ കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ നടന്ന കലാപത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കനത്ത താക്കീതുമായി മണിപ്പൂര്‍ സര്‍ക്കാര്‍. കുക്കി-സോമി യുവാവിനെ ആക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആഭ്യന്തര വകുപ്പിനോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഗവര്‍ണര്‍ ഉത്തരവ് പ്രകാരം ഇത്തരത്തില്‍ കലാപത്തെ സ്വാധീനിക്കുന്ന ദൃശ്യങ്ങളുടെ പ്രചാരണം പൂര്‍ണ്ണമായും നിയന്ത്രിക്കാനും, ഇതിലൂടെ സംസ്ഥാനത്തിന്റെ ക്രമസമാധാനം വീണ്ടും തിരിച്ചു പിടിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

ഏതെങ്കിലും വ്യക്തി ഇത്തരം ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കുവാനായി കൈവശം വെയ്ക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും സിവില്‍ നിയമ പ്രകാരം ഉത്തരവിട്ടിട്ടുണ്ട്.

കൂടാതെ സാങ്കേതികവിദ്യയെ വിദ്വേഷം പ്രചരിപ്പിക്കാനായി ദുരുപയോഗം ചെയ്യുന്നത് ഐ.ടി ആക്ട് പ്രകാരം കുറ്റകരമാണ്. ബുധനാഴ്ച പുറത്തിറക്കിയ മറ്റൊരു ഉത്തരവ് പ്രകാരം അടുത്ത അഞ്ചുദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ എല്ലാം നിര്‍ത്തിവെക്കാനും നിര്‍ദ്ദേശമുണ്ട്.

മണിപ്പൂരില്‍ മെയ് 3 ന് കലാപം തുടങ്ങിയതിന് പിന്നാലെ തന്നെ പരോക്ഷമായി ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ എല്ലാം റദ്ദ് ചെയ്തിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു.

ജൂലൈ 18ന് കുക്കി സ്ത്രീയുടെ നഗ്‌ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു സംസ്ഥാന ഗവണ്‍മെന്റിന്റെ ഇന്റര്‍നെറ്റിനു മേലുള്ള നിയന്ത്രണം. കൊല്ലപ്പെട്ട രണ്ട് മെയ്തി യുവാക്കളുടെ ദൃശ്യങ്ങള്‍ സെപ്റ്റംബര്‍ 25ന് പ്രചരിച്ചതിന് പിന്നാലെ മെയ്തി നിയന്ത്രണത്തിലുള്ള മേഖലകളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ബിരെണ്‍ സിംഗിന്റെ വസതിക്കുനേരെയും ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.

Content Highlight: Manipur government bans circulation of images and videos of violence

Latest Stories

We use cookies to give you the best possible experience. Learn more