| Thursday, 27th July 2023, 10:01 pm

മണിപ്പൂരിലെ കുകി യുവതികളുടെ കൂട്ട ബലാത്സംഗ കേസ് സി.ബി.ഐ അന്വേഷിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് കുകി യുവതികളെ നഗ്‌നരാക്കി നടത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം സി.ബി.ഐ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.

മണിപ്പൂര്‍ വിഷയത്തില്‍ വ്യാഴാഴ്ചയും പാര്‍ലമെന്റ് തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സി.ബി.ഐക്ക് കൈമാറാനുളള കേന്ദ്ര നീക്കം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനാണ് പാര്‍ലമെന്റ് വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്.

കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ പ്രതിപക്ഷ എം.പിമാര്‍ പോസ്റ്ററുകളുമായി ഇരു സഭകളുടേയും നടുത്തളത്തില്‍ പ്രതിഷേധിച്ചു. പ്രതിപക്ഷം രാജ്യസഭയില്‍ ‘ഇന്ത്യ ഇന്ത്യ’ വിളികള്‍ ശക്തമാക്കിയപ്പോള്‍ ഭരണപക്ഷം ‘മോദി മോദി’ വിളികള്‍ ഉയര്‍ത്തിയാണ് ഇതിനെ നേരിട്ടത്. വാദപ്രതിവാദങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായി. രണ്ട് ഗ്രാമ പ്രതിരോധ വളണ്ടിയര്‍മാര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ ജൂലൈ 25ന് കാങ്‌പോപി ജില്ലയില്‍ സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ബസുകള്‍ക്ക് ഒരു സംഘം അക്രമികള്‍ തീയിട്ടിരുന്നു.

അതേസമയം, മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മെയ്തി-കുകി വിഭാഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. രഹസ്യാന്യേഷണ വിഭാഗം മുന്‍ അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്.

മുന്‍ വിഘടനവാദി കുകി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. രഹസ്യാന്യേഷണ വിഭാഗം മുന്‍ അഡീഷണല്‍ ഡയറക്ടര്‍ അക്ഷയ് മിശ്രയാണ് സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

Content Highlights: manipur gangrape case transferred to cbi

We use cookies to give you the best possible experience. Learn more