ഇംഫാൽ: മണിപ്പൂരിൽ താത്കാലികമായി ഇന്റർനെറ്റ് നിർത്തി വെച്ച് സർക്കാർ. സംസ്ഥാന പൊലീസ് മേധാവിയെ മാറ്റണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാർച്ചിനിടെ വിദ്യാർത്ഥികൾ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയതിനെ തുടർന്നാണ് മണിപ്പൂർ സർക്കാർ ഇന്റർനെറ്റ് നിർത്തിവെച്ചത്. ചൊവ്വാഴ്ച മുതൽ അഞ്ച് ദിവസത്തേക്കാണ് ഇൻ്റർനെറ്റ് താൽക്കാലികമായി നിർത്തി വെച്ചത്. ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിൽ സർക്കാർ കർഫ്യൂവും തൗബാലിൽ നിരോധന ഉത്തരവുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ചില സെറ്റിൽമെൻ്റുകളിൽ അത്യാധുനിക ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഉണ്ടായതിന് ശേഷമാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂരിൽ ഉണ്ടായ ഡ്രോൺ, റോക്കറ്റ് ഉൾപ്പെടെയുള്ള ആക്രമണങ്ങളിൽ കുറഞ്ഞത് എട്ട് പേർ മരിക്കുകയും 12ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വിദ്വേഷ ചിത്രങ്ങൾ, പ്രസംഗം, വീഡിയോ എന്നിവ പ്രചരിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാനാണ് ഇൻ്റർനെറ്റ് നിരോധിക്കാൻ ആഭ്യന്തര വകുപ്പിൻ്റെ തീരുമാനം. സെപ്റ്റംബർ 15ന് നിരോധനം നീക്കിയേക്കും.
ഇന്ന് പുലർച്ചെ, രാജ്ഭവനിലേക്ക് മാർച്ച് നടത്താനുള്ള പ്രക്ഷോഭകരുടെ ശ്രമത്തിനിടെ വിദ്യാർത്ഥികളും സ്ത്രീ പ്രകടനക്കാരും ഏറ്റുമുട്ടിയതിനെ തുടർന്ന് സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു. ഡി.ജി.പിയെയും മണിപ്പൂർ സർക്കാരിൻ്റെ സുരക്ഷാ ഉപദേഷ്ടാവിനെയും മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. തിങ്കളാഴ്ച മുതൽ ഖ്വൈരംബന്ദ് വനിതാ മാർക്കറ്റിൽ ക്യാമ്പ് ചെയ്ത നൂറുകണക്കിന് വിദ്യാർത്ഥിനികൾ ബിടി റോഡിലൂടെ രാജ്ഭവനിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് ഭവന് സമീപം സുരക്ഷാ സേന തടഞ്ഞു.
ഇംഫാൽ വെസ്റ്റിലെയും ഇംഫാൽ ഈസ്റ്റിലെയും ജില്ലാ മജിസ്‌ട്രേറ്റുകൾ രണ്ട് ജില്ലകളിലും സെപ്റ്റംബർ 10 ചൊവ്വാഴ്ച രാവിലെ 11 മുതൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യം, എഞ്ചിനീയറിങ് വകുപ്പ്, മുനിസിപ്പൽ സ്ഥാപനങ്ങൾ, വൈദ്യുതി, പെട്രോൾ പമ്പുകൾ, കോടതികളുടെ പ്രവർത്തനം, വിമാന യാത്രക്കാർക്കും മാധ്യമങ്ങൾക്കും സ്വാതന്ത്ര്യത്തിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
Content Highlight: Manipur erupts again; government suspends internet, imposes curfew amid massive agitation