മണിപ്പൂര്‍ സംഘര്‍ഷം; ശവപ്പെട്ടി മാര്‍ച്ച് നടത്തി ഗോത്ര വിദ്യാര്‍ത്ഥി സംഘടനകള്‍
national news
മണിപ്പൂര്‍ സംഘര്‍ഷം; ശവപ്പെട്ടി മാര്‍ച്ച് നടത്തി ഗോത്ര വിദ്യാര്‍ത്ഥി സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th June 2023, 8:48 am

ന്യൂദല്‍ഹി: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ അക്രമത്തില്‍ കൊല്ലപ്പെട്ടവരെ ആദരിക്കുന്നതിനായി നിശബ്ദ ശവപ്പെട്ടി മാര്‍ച്ച് നടത്തി ഗോത്രവര്‍ഗ വിദ്യാര്‍ത്ഥി സംഘടനകള്‍. സംസ്ഥാനത്തെ ചുരാചന്ദ്പൂര്‍ ജില്ലയിലാണ് മാര്‍ച്ച് നടത്തിയത്. ജില്ലയിലെ ആയിരകണക്കിന് പ്രതിഷേധക്കാര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ജില്ലാ മിനി സെക്രട്ടറിയേറ്റ് സ്ഥിതിചെയ്യുന്ന തുബോംഗിലേക്ക് ഹൈവേയിലൂടെ മൂന്ന് കിലോമീറ്ററോളം മാര്‍ച്ച് നടത്തി.

കറുത്ത വസ്ത്രം ധരിച്ച് 100 ശവപ്പെട്ടികളുമായാണ് ഇവര്‍ മാര്‍ച്ച് നടത്തിയത്. ഗ്രാമവാസികള്‍ അവര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ഹൈവേയില്‍ അണിനിരന്നു. മിനിസെക്രട്ടറിയേറ്റില്‍ എത്തിയതിന് ശേഷമാണ് ശവപ്പെട്ടികള്‍ ഇറക്കി വെച്ചത്.


മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 40 സിവില്‍ സൊസൈറ്റി സംഘടനകളുടെ കൂട്ടായ്മയും ജന്തര്‍മന്തറില്‍ സമാധാനപരമായ പ്രതിഷേധം നടത്തി. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ നൂറിലധികം ആളുകള്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘടകള്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനവും അറിയിച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നൂറ് കണക്കിന് ചര്‍ച്ചുകള്‍ കത്തി നശിച്ചതിലും സംഘടനകള്‍ ദുഖം രേഖപ്പെടുത്തി.

മണിപ്പൂരിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രസ്താവനയിലൂടെ സംഘടകള്‍ പറഞ്ഞു.

‘സംസ്ഥാനത്തെ ക്രമ സമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. മണിപ്പൂരിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി നിര്‍മിച്ച് വികസിപ്പിച്ച സ്വത്തുക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കത്തിചാമ്പലായി. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. ആളുകള്‍ പലായനം ചെയ്യുന്നത് തുടരുന്നു. മണിപ്പൂരിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു,’ സംയുക്ത പ്രസതാവനയിലൂടെ സംഘടനകള്‍ അറിയിച്ചു.

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 1000 ത്തോളം ആളുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറി. ക്യാമ്പുകളിലേക്ക് മാറിയവര്‍ ഭക്ഷണം, വസ്ത്രം, ശുദ്ധ ജലം എന്നിവ ലഭിക്കുന്നതില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യമാണ് നേരിടുന്നതെന്നും സംഘടനകള്‍ പറഞ്ഞു.

‘ആഭ്യന്തര മന്ത്രാലയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് അഭിനന്ദാര്‍ഹമാണ്. എന്നാല്‍ ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിലവിലെ പുനരധിവാസ പാക്കേജുകള്‍ വേണ്ടത്ര ഫലപ്രദമല്ലെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍,’ സംഘാടകരില്‍ ഒരാളായ മീനാക്ഷി സിങ് പറഞ്ഞു.

Content Highlight: Manipur crisis:  Civil society group protest in janthar manthir