| Sunday, 22nd December 2019, 12:49 pm

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് സി.പി.ഐ മണിപ്പുര്‍ സെക്രട്ടറി വീണ്ടും അറസ്റ്റില്‍; പൊലീസ് നീക്കം കോടതിമുറ്റത്തുവെച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് സി.പി.ഐ മണിപ്പുര്‍ സംസ്ഥാന സെക്രട്ടറി വീണ്ടും അറസ്റ്റില്‍. ആദ്യം അറസ്റ്റിലായതിനു ശേഷം ഇംഫാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ കോടതിമുറ്റത്തു വെച്ചുതന്നെയാണ് രണ്ടാംതവണ അറസ്റ്റുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാന സെക്രട്ടറി എല്‍. സോതിന്‍കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി മുതല്‍ ഇംഫാലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

19-നാണ് കുമാറിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ഇടതുപാര്‍ട്ടികള്‍ നടത്തിയ 12 മണിക്കൂര്‍ സമരത്തെത്തുടര്‍ന്നായിരുന്നു ഇത്. പൊലീസ് അനുമതി നിഷേധിച്ചെങ്കിലും അവര്‍ സമരവുമായി മുന്നോട്ടുപോകുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച 80,000 രൂപയുടെ ആള്‍ജാമ്യത്തില്‍ കുമാറിനെ കോടതി വിട്ടയച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് കുമാറുമായി സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഇംഫാല്‍ വെസ്റ്റ് എസ്.പി കെ. മേഘചന്ദ്ര കോടതിമുറ്റത്തു നിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് സി.പി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് തെയ്തു. ഇതുവരെ അദ്ദേഹത്തെ വിട്ടിട്ടില്ലെന്നും അവര്‍ ആരോപിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.

ഇതിനിടെ മദ്രാസ് ഐ.ഐ.ടിയില്‍ പ്രകടനങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും അധികൃതര്‍ അനുമതി നിഷേധിച്ചിട്ടുണ്ട്. ചര്‍ച്ച മാത്രം മതിയെന്നാണ് അവരുടെ നിലപാട്.

വിലക്കിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിക്കഴിഞ്ഞു. മൗലികാവകാശങ്ങളുടെ ലംഘനമാണു വിലക്കെന്നു വിദ്യാര്‍ഥികള്‍ ആരോപിച്ചു.

അതിനിടെ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബംഗാളില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.

പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും രാജ്യത്തെ വിഭജിക്കാനുള്ള ബി.ജെ.പി പദ്ധതിയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

We use cookies to give you the best possible experience. Learn more