ഇംഫാല്‍: സംസ്ഥാനത്ത് നിയസഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിരിക്കെ മണിപ്പൂരില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മണിപ്പൂര്‍ പി.സി.സി ഉപാധ്യക്ഷനുമായ ചല്‍ട്ടോണ്‍ലിന്‍ അമോ ബി.ജെ.പിയില്‍ ചേര്‍ന്നു.
പാര്‍ട്ടിയില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരവേയാണ് കോണ്‍ഗ്രസിന്റെ പി.സി.സി ഭാരവാഹിയും പാര്‍ട്ടി വിടുന്നത്.
അമോ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനേയൊ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനേയോ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് എം.പി.സി.സി അധ്യക്ഷനായ എന്‍. ലോകന്‍ പറഞ്ഞത്. അമോയെ നേരത്തെ പാര്‍ട്ടി വിരുദ്ധപ്രര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, വൈസ് പ്രസിഡന്റ് പാര്‍ട്ടി വിട്ടത് പി.സി.സിയിലെ മറ്റ് അംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.
‘തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പാര്‍ട്ടി വിടുന്നതിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാപ്പരത്വമാണ് വ്യക്തമായിട്ടുള്ളത്. അമോയ്ക്ക് വ്യക്തമായ ഇച്ഛാശക്തിയോ ആശയത്തിന്റെ പിന്‍ബലമോ ഇല്ലെന്നാണ് ഈ പ്രവര്‍ത്തി വ്യക്തമാക്കുന്നത്,’ പി.സി.സി അംഗമായ സെരാം നേകന്‍ പറഞ്ഞു.
മണിപ്പൂര്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ എന്‍. ബിരന്‍ സിംഗിന്റെയും മുതിര്‍ന്ന നേതാവ് സമ്പിത് മിശ്രയുടെയും സാന്നിധ്യത്തിലാണ് അമോ ബി.ജെ.പിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം ബി.ജെ.പിയിലേക്ക് ചേക്കേറിയ ബിഷന്‍പൂര്‍ എം.എല്‍.എ ഗോവിന്‍ദാസ് കൊന്തോജുമ്മിന്റെ പാത പിന്തുടര്‍ന്നാണ് അമോയും ബി.ജെ.പിയില്‍ ചേരുന്നത്.
നിലവില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയുടെ ടിക്കറ്റില്‍ മത്സരിച്ച് നിയമസഭയിലേക്കെത്താമെന്ന കണക്കുകൂട്ടലിന്റെ പുറത്താണ് അമോയുടെ ചേരിമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
I welcome Shri Chaltonlien Amo Tipaimukh to the Bhajpa Parivar.
The BJP is going from strength to strength in Manipur due to people’s belief in the leadership of PM Shri @NarendraModi ji and the great work being done by Chief Minister Shri @NBirenSingh ji in the state. pic.twitter.com/H3YX8lv94A
പാര്‍ട്ടിയില്‍ ചേരുന്നതിനായി അമോയ്ക്ക് മേല്‍ യാതൊരു തരത്തിലുമുള്ള സമ്മര്‍ദ്ദവും പ്രയോഗിച്ചിട്ടില്ലെന്നാണ് ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. നിംബസ് പറയുന്നത്. അമോ സ്വന്തം ഇഷ്ടവും താത്പര്യവും പ്രകാരമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമോയുടെ പാര്‍ട്ടിയിലേക്കുള്ള വരവ് പെര്‍സ്വാള്‍ മേഖലയില്‍ പാര്‍ട്ടിയുടെ സ്വാധീനശക്തി വര്‍ധിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി ബിരന്‍ സിംഗ് പറയുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂര്‍. ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമായി രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക.