| Wednesday, 19th August 2020, 7:39 pm

മണിപ്പൂരില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച അഞ്ച് എം.എല്‍.എ മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ വെച്ച് ബി.ജെ.പി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ സാന്നിദ്ധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

നേരത്തേ അഞ്ച് എം.എല്‍.എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഒക്രാം ഇബോയി സിംഗിന്റെ അനന്തിരവന്‍ ഓക്ര ഹെന്‍ട്രി സിംഗും ഇതില്‍ ഉള്‍പ്പെടുന്നു.

ബി.ജെ.പി ദേശീയ സെക്രട്ടറി റാം മാധവ്, വൈസ് പ്രസിഡന്റ് ബൈജയന്ത പാണ്ട എന്നിവര്‍ പാര്‍ട്ടിയിലേക്കുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വരവിനെ പിന്തുണച്ചു.

2017 വരെ നീണ്ട കോണ്‍ഗ്രസ് ഭരണം മണിപ്പൂരിന്റെ വികസനത്തെ പിന്നോട്ടടിച്ചു. എന്‍.ഡി.എ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ പാടെ മാറി. ജി.ഡി.പി വളര്‍ച്ച നിരക്കില്‍ അത് പ്രകടമായിട്ടുണ്ട്- ബി.ജെ.പി ദേശീയ സെക്രട്ടറി റാം മാധവ് പറഞ്ഞു.

മണിപ്പൂരില്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. എന്നാല്‍ ജനപിന്തുണയും പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള വിശ്വാസവും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങളെ ഇല്ലാതാക്കും- അദ്ദേഹം പറഞ്ഞു.

അതേസമയം ആഗസ്റ്റ് പതിനൊന്നിന് മണിപ്പൂര്‍ ബൈറന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതിന് പിന്നാലെ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് രാജിവെച്ചത്. രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കിയതായി എം.എല്‍.എമാര്‍ അറിയിച്ചിരുന്നു.

വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന എട്ട് എം.എല്‍.എമാരില്‍ ആറ് പേരാണ് രാജിവെച്ചത്. ഇബോബി സിംഗിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ വിശ്വാസമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജി. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരിക്കുമ്പോഴും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

രാജി ഇതുവരെ സ്പീക്കര്‍ അംഗീകരിച്ചിട്ടില്ലെന്നും വൈകാതെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് രാജിവയ്ക്കുമെന്നും എം.എല്‍.എമാര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: manipur congress mla joined in bjp

We use cookies to give you the best possible experience. Learn more