ഇംഫാല്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ടുചെയ്‌തെന്ന ആരോപണത്തില്‍ രണ്ട് എം.എല്‍.എമാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി മണിപ്പൂര്‍ കോണ്‍ഗ്രസ്. പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിക്ക് വോട്ട് ചെയ്തു എന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് എം.എല്‍.എമാരായ ഒക്രം ഹെന്റി, ആര്‍.കെ ഇമോ സിങ് എന്നിവര്‍ക്കെതിരെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിങിന്റെ അടുത്ത ബന്ധുവാണ് ഒക്രം ഹെന്റി. ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ എന്‍. ബിരെന്‍ സിങിന്റെ മരുമകനാണ് ആര്‍.കെ ഇമോ.
‘ജൂണ്‍ 19 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ക്രോസ് വോട്ടിംഗ് നടത്തി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തീരുമാനം ലംഘിക്കുകയും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്ന പാര്‍ട്ടി തീരുമാനത്തിന്റെ ലംഘനം മാത്രമല്ല ഇത്. പാര്‍ട്ടി പ്രത്യയശാസ്ത്രത്തെ തള്ളിപ്പറയല്‍ കൂടിയാണ്’, കാരണം കാണിക്കല്‍ നോട്ടീസില്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ അനുമോദിക്കുന്ന ചടങ്ങിലും ഈ രണ്ട് എം.എല്‍.എമാരും പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ, പാര്‍ട്ടിയുടെ അനുമതിയില്ലാതെ ഇമോ ജൂണ്‍ 30-ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ന്യൂദല്‍ഹിയിലേക്ക് യാത്ര ചെയ്തിരുന്നെന്നും ആരോപണമുണ്ട്.
ബി.ജെ.പിയുടെ മുഖ്യമന്ത്രിയുമായോടുള്ള നിങ്ങളുടെ രീതികള്‍ പലപ്പോഴും കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിക്കുന്നതിന് തുല്യമാണെന്നും പാര്‍ട്ടി ഇമോയ്ക്കയച്ച നോട്ടീല്‍ പറഞ്ഞു. അത് ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്റെ ലംഘനമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
രണ്ടാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് എം.എല്‍.എമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം, എം.എല്‍.എമാര്‍ക്ക് പാര്‍ട്ടിയോട് ഒന്നും പറയാനില്ലെന്ന് അനുമാനിക്കുകയും അംഗത്വം റദ്ദ് ചെയ്യുന്നതടക്കമുള്ള അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
ബിജെപി സ്ഥാനാര്‍ത്ഥി ലൈഷെംബ സനജോബ ആകെയുള്ള 52 വോട്ടുകളില്‍ 28 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. മണിപ്പൂര്‍ നിയമസഭയില്‍ 60 സീറ്റുകളാണുള്ളത്. എട്ട് എം.എല്‍.എമാരെ തെരഞ്ഞെടുപ്പിന് മുമ്പ് കൂറുമാറല്‍ വിരുദ്ധ നിയമപ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സഖ്യസര്‍ക്കാരിനുള്ള പിന്തുണ പ്രധാന സഖ്യകക്ഷി പിന്‍വലിച്ചത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടാതെ മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു.
എന്നാല്‍ രാജിവെച്ച എം.എല്‍.എമാരെ വോട്ട് ചെയ്യാന്‍ സ്പീക്കര്‍ അനുവദിക്കാതിരുന്നതോടെ ഫലം ബി.ജെ.പിക്ക് അനുകൂലമാവുകയായിരുന്നു.
ഇതോടെ രാജി വെച്ച മൂന്ന് പേര്‍ക്കും വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. എ.ഐ.ടി.സി എം.എല്‍.എ വോട്ട് ചെയ്യാന്‍ എത്തിയില്ല. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറി വോട്ടുചെയ്‌തെന്ന ആരോപണങ്ങളും ഉയരുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക