ഇംഫാല്‍: സംസ്ഥാനത്തെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ബിരെന്‍ സിങ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എം.എല്‍.എമാരായ കെ മേഘചന്ദ്ര, ടി ലോകേശ്വര്‍ എന്നിവരാണ് സ്പീക്കര്‍ വൈ ഖേംചന്ദ് സിങിന് അവിശ്വാസ പ്രമേയത്തിനായുള്ള നോട്ടീസ് സമര്‍പ്പിച്ചത്.
ഓഗസ്റ്റ് പത്തിന് നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
സഖ്യസര്‍ക്കാരിലെ പ്രധാന ഘടകകക്ഷിയായ എന്‍.പിപിയിലെ നാല് മന്ത്രമാരുള്‍പ്പെടെ സഖ്യത്തിലെ ഒമ്പത് എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതോടൊണ് ബിരെന്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.
തുടര്‍ന്ന് ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ എന്‍.പി.പി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം വിമത എന്‍.പി.പി എം.എല്‍.എമാര്‍ സഖ്യത്തിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍, ഇതേസമയം മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ സ്ഥിതി വീണ്ടും വഷളായി. ഇവര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുകയും തൃണമൂല്‍ എം.എല്‍.എയെ സ്പീക്കര്‍ അയോഗ്യനാക്കുകയും ചെയ്തു. ഇവ ചൂണ്ടിക്കാട്ടിയാണ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജൂണ്‍ 19 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ കോണ്‍ഗ്രസ് എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.