| Wednesday, 29th July 2020, 8:50 am

മണിപ്പൂരില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും കൗണ്‍സിലര്‍മാരും ബി.ജെ.പിയിലേക്ക്; വന്‍ തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: രാഷ്ട്രീയ കരുനീക്കങ്ങള്‍ തകൃതിയായി നടക്കുന്ന മണിപ്പൂരില്‍ ഇത്തവണ തിരിച്ചടി കോണ്‍ഗ്രസിനെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ എം.എല്‍.എമാരും വലിയൊരു വിഭാഗം കൗണ്‍സിലര്‍മാരും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകായണെന്നാണ് വിവരം. അടുത്ത ദിവസങ്ങളിലായി ഇവര്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയേക്കും. ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഓഗസ്‌റ്റോടെ ബി.ജെ.പിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യന്‍എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പി സര്‍ക്കാരില്‍നിന്നും കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പ്രധാന സഖ്യകക്ഷിയായ എന്‍.പി.പി സര്‍ക്കാരിനെതിരെ തിരിയുകയും ചെയ്തിരുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ടുചെയ്തെന്ന ആരോപണത്തില്‍ രണ്ട് എം.എല്‍.എമാര്‍ക്കെതിരെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ബി.ജെ.പിക്ക് വോട്ട് ചെയ്തു എന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ കൂടുതല്‍ വിമത ശബ്ദങ്ങളുയരുന്നതെന്നാണ് സൂചന.

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് എം.എല്‍.എമാരായ ഒക്രം ഹെന്റി, ആര്‍.കെ ഇമോ സിങ് എന്നിവര്‍ക്കെതിരെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിങിന്റെ അടുത്ത ബന്ധുവാണ് ഒക്രം ഹെന്റി. ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ എന്‍. ബിരെന്‍ സിങിന്റെ മരുമകനാണ് ആര്‍.കെ ഇമോ. ബി.ജെ.പി സ്ഥാനാര്‍ത്ഥി ലൈഷെംബ സനജോബ ആകെയുള്ള 52 വോട്ടുകളില്‍ 28 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. ഇത് കോണ്‍ഗ്രസ് വോട്ടുകളില്‍ അവസാന നിമിഷം അട്ടമറി നടത്തി ബി.ജെ.പി നേടിയെടുത്ത വിജയമായാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ അനുമോദിക്കുന്ന ചടങ്ങിലും ഈ രണ്ട് എം.എല്‍.എമാരും പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.കൂടാതെ, പാര്‍ട്ടിയുടെ അനുമതിയില്ലാതെ ഇമോ ജൂണ്‍ 30-ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ന്യൂദല്‍ഹിയിലേക്ക് യാത്ര ചെയ്തിരുന്നെന്നും ആരോപണമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more