മണിപ്പൂര്‍ സംഘര്‍ഷം; ബി.ജെ.പിയില്‍ കൂട്ടരാജി
national news
മണിപ്പൂര്‍ സംഘര്‍ഷം; ബി.ജെ.പിയില്‍ കൂട്ടരാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th November 2024, 8:28 pm

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ സംസ്ഥാനത്തെ ജിരിബാം ജില്ലയിലെ ബി.ജെ.പിയില്‍ കൂട്ടരാജി. ജിരിബാം മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്.

മണ്ഡലം പ്രസിഡന്റ് കെ. ജഡു സിങ്, ജനറല്‍ സെക്രട്ടറി മുത്തൂം ഹേമന്ത് സിങ്, മറ്റൊരു ജനറല്‍ സെക്രട്ടറി പി. ബിരാമണി സിങ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുത്തൂം ബ്രോജേന്ദ്ര സിങ്, മേഘാജിത് സിങ്, എല്‍ ചബ്ബോവ സിങ്, എന്നിവരും മറ്റ് രണ്ട് നേതാക്കളുമാണ് രാജിവെച്ചത്.

രാജിവെച്ച നേതാക്കന്മാര്‍ മണിപ്പൂര്‍ ബി.ജെ.പി നേതൃത്വത്തിന് രാജിക്കത്തയച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ജിരിബാം മണ്ഡലത്തിലെ ബി.ജെ.പി കമ്മറ്റിയില്‍ നിന്ന് ഇതുവരെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന ഓഫീസ് പറയുകയുണ്ടായി.

നവംബര്‍ 11ന് കുക്കി മെയ്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് മെയ്തികളുടെ മരണത്തെ തുടര്‍ന്നാണ് ബി.ജെ.പിയില്‍ പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ബിരേന്‍ സിങ് സര്‍ക്കാരിന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി കഴിഞ്ഞ ദിവസം പിന്തുണ പിന്‍വലിച്ചിരുന്നു. പിന്നാലെ ബി.ജെ.പി നേതൃത്വത്തില്‍ നിന്നുളള രാജിയും ബി.ജെ.പി നേതൃത്വത്തിന് തിരിച്ചടിയാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ വസതികള്‍ ആക്രമിച്ചതോടെ വെസ്റ്റ് ഇംഫാലില്‍ അനിശ്ചിത കാലത്തേയ്ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയുണ്ടായി. ശനിയാഴ്ച മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ ഇംഫാലിലെ സ്വകാര്യ വസതിക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.

മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ ഭരണകക്ഷിയായ എന്‍.ഡി.എ ഗവണ്‍മെന്റ് പരാജയപ്പെട്ടെന്ന് കാണിച്ച് സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ ഇന്നലെ (11/11/24) ആണ് പിന്‍വലിച്ചത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നദ്ദയ്ക്ക് അയച്ച കത്തിലാണ് എന്‍.പിപി ദേശീയ അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ്. കെ. സാംഗ്മ ഇക്കാര്യം വ്യക്തമാക്കിയത്. മണിപ്പൂരിലെ നിലവിലെ ക്രമസമാധാന നിലയില്‍ പാര്‍ട്ടി ആശങ്കാകുലരാണെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി നിരപരാധികളുടെ ജീവനാണ് സംഘര്‍ഷത്തില്‍ നഷ്ടമായതെന്നും എന്‍.പി.പി അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുകയുണ്ടായി.

Content Highlight: Manipur Conflict; Mass resignation in BJP