| Monday, 22nd May 2023, 6:15 pm

മണിപ്പൂരില്‍ സംഘര്‍ഷം; കര്‍ഫ്യൂ കര്‍ശനമാക്കി; കൂടുതല്‍ സൈനികരെ വിന്യസിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ തലസ്ഥാനമായ ഇംഫാലില്‍ സുരക്ഷാ സൈന്യത്തെ വിന്യസിച്ചു. ഇന്ന് ഉച്ചക്ക് ഇംഫാലിലെ ചെക്കോണ്‍ പ്രദേശത്ത് മെയ്തി സമുദായവും കുകി സമുദായവും തമ്മില്‍ ഏറ്റുമുട്ടി. പ്രാദേശിക മാര്‍ക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ടിടങ്ങളിലായിട്ടായിരുന്നു സംഘര്‍ഷമുണ്ടായത്. വെള്ളിയാഴ്ച വരെ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇംഫാലിലെ ഈസ്റ്റ് ജില്ലയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് ആയുധദാരികളായ രണ്ട് പേര്‍ കട അടപ്പിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നും സംഭവത്തില്‍ രണ്ട് വീടുകള്‍ കത്തിച്ചുവെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അക്രമികളില്‍ ഒരാളെ ജനക്കൂട്ടം മര്‍ദിക്കുകയും മറ്റൊരാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ ഇരുവരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രദേശത്ത് നിലയുറച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈന്യം കണ്ണീര്‍ വാതകം ഉപയോഗിച്ചു. സംഭവത്തില്‍ ചിലര്‍ക്ക് നിസാര പരിക്കുകള്‍ പറ്റിയിട്ടുണ്ട്.

നേരത്തെ ഇംഫാലില്‍ 4 മണിവരെ കര്‍ഫ്യൂവിന് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം വീണ്ടും കര്‍ഫ്യൂ കര്‍ശനമാക്കി.

ഒരു മാസത്തിലേറെയായി മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. മെയ്തി സമുദായം ഗോത്രവര്‍ഗ പദവി ആവശ്യപ്പെട്ടതിനെതിരെ കുകി വിഭാഗം മാര്‍ച്ച് മൂന്നിന് മാര്‍ച്ച് നടത്തിയതോടെയായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ 70ലേറെ ആളുകള്‍ മരണപ്പെട്ടു. 230തോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഘര്‍ഷത്തില്‍ കോടികണക്കിന് രൂപയുടെ നാശം സംഭവിച്ചിട്ടുണ്ട്. നിരവധി ആളുകള്‍ക്ക വീട് വിട്ട് സര്‍ക്കാര്‍ ഒരുക്കിയ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നു.

Contenthighlight: Manipur conflict; curfue back

We use cookies to give you the best possible experience. Learn more