| Sunday, 28th May 2023, 11:02 am

ഇംഫാലില്‍ മാംസക്കട കത്തിക്കാന്‍ ശ്രമിച്ചു; ആര്‍.എ.എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ വിന്യസിച്ചിരുന്ന റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ മൂന്ന് ഊദ്യോഗസ്ഥര്‍ക്ക് സസ്‌പെംന്‍ഷന്‍. ഇംഫാലിലെ മാംസക്കട കത്തിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് നടപടി. സോമദേവ് ആര്യ, കുല്‍ദീപ് സിങ്. പ്രദീപ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സൈനിക മേധാവി മനോജ് പാണ്ഡെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മണിപ്പൂരില്‍ എത്തിയ ദിവസമാണ് സസ്‌പെന്‍ഷന്‍ ഉത്തവ് വന്നത്.

കഴിഞ്ഞ ദാവസം രാത്രി 9.20 ഓട് കൂടിയായിരിന്നു സംഭവം നടന്നത്. മൂന്ന് ഉദ്യോഗസ്ഥരും ചേര്‍ന്ന് ന്യൂചെക്കോണിലെ ഇറച്ചിക്കടയ്ക്ക് തീയിടാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം പ്രദേശവാസികളുടെയും ഡ്യൂട്ടിയിലുണ്ടായിരുന്ന കമാന്‍ഡോസിന്റെയും ശ്രദ്ധയില്‍പ്പെട്ടതോടെ വന്‍ നാശനഷ്ടമാണ് ഒഴിവായത്.

ജോണ്‍സണ്‍ കാമേയ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കട. എന്നാല്‍ എം.ഡി ഹബീബുര്‍ റഹ്‌മാന്‍ എന്നയാളാണ് ഇത് വാടകയ്ക്ക് എടുത്ത് നടത്തി വരുന്നത്.

മൂവരും സസ്‌പെന്‍ഷന് പിന്നാലെ മദ്യപിച്ചുണ്ടായ തങ്ങളുടെ തെറ്റിന് മാപ്പ് പറഞ്ഞതായി പൊലീസ് പറയുന്നു. മൂവരും അന്വേഷണത്തെ നേരിടേണ്ടിവരുമെന്നും കമാന്‍ഡന്റിന്റെ അനുമതിയില്ലാതെ ബേസ് വിട്ട് പോകാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാത്രമല്ല രാവിലത്തെ പരേഡിലും പങ്കെടുക്കണം.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടുകൂടി ഉദ്യോഗസ്ഥരെ ഇംഫാല്‍ ഈസ്റ്റ് പൊലീസ് ആര്‍.എ.എഫ് ഉദ്യോഗസ്ഥരെ പിടികൂടി. തുടര്‍ നടപടികള്‍ക്കായി ഇവരെ ഇപ്പോള്‍ പോറമ്പാട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

അതേസമയം, മണിപ്പൂരില്‍ മെയ്തി വിഭാഗവും കുകി ഗോത്രവര്‍ഗ വിഭാഗവും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ ദിവസം മണിപ്പൂരിലെ ഗതാഗത മന്ത്രി കൊന്തൗജം ഗോവിന്ദാസിന്റെ വീട് ഒരു സംഘം ആളുകള്‍ തകര്‍ത്തിരുന്നു. പ്രദേശവാസികളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് വീട് തകര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇതിനിടെ മെയ് 29ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിക്കും. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

മെയ്തി സമുദായം ഗോത്രവര്‍ഗ പദവി ആവശ്യപ്പെട്ടതിനെതിരെ കുകി വിഭാഗം മാര്‍ച്ച് മൂന്നിന് മാര്‍ച്ച് നടത്തിയതോടെയായിരുന്നു മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ 70ലേറെ ആളുകള്‍ മരണപ്പെട്ടു. 230ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

CONTENTHIGLIGHT: Manipur confict: Three personnal of rapid action force suspended

We use cookies to give you the best possible experience. Learn more