national news
മണിപ്പൂര്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച കോളേജ് വിദ്യാര്‍ത്ഥിയെ ജനക്കൂട്ടം തല്ലിക്കൊന്നു; പൊലീസുകാര്‍ ഓടിരക്ഷപ്പെട്ടു!
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 24, 04:20 pm
Monday, 24th July 2023, 9:50 pm

ഇംഫാല്‍: മണിപ്പൂരില്‍ തുടര്‍സംഘര്‍ഷങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റിട്ട യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് 800ഓളം വരുന്ന ജനക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ദി ഹിന്ദുവാണ് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട് സഹിതം വാര്‍ത്ത പങ്കുവെച്ചത്. കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഹങ്‌ലാല്‍മുവാന്‍ വായ്‌പേയ് (21) ആണ് ചുരാചന്ദ്പൂര്‍ ജില്ലയില്‍ വെച്ച് അതിദാരുണമായി കൊല്ലപ്പെട്ടത്.

ഇക്കഴിഞ്ഞ മെയ് നാലിന് കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 800 പേരോളം വരുന്ന ആള്‍ക്കൂട്ടം വണ്ടി തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കി തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബിരേന്‍ സിങ്ങിനെ വിമര്‍ശിച്ച് പോസ്റ്റ് ഇട്ട കുറ്റത്തിനാണ് യുവാവ് അറസ്റ്റ് ചെയ്യപ്പെട്ടത്.

മണിപ്പൂര്‍ വംശഹത്യയുമായി ബന്ധപ്പെട്ട് ആദ്യത്തെ ആള്‍ക്കൂട്ട കൊലയാണ് ഇതെന്നാണ് സൂചന. വായ്‌പേയിയെ കോടതിയില്‍ നിന്ന് സജിവ എന്നു പേരായ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊറോംപത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് ആള്‍ക്കൂട്ടം പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തുകയും ആയുധങ്ങളടക്കം കൈവശപ്പെടുത്തി യുവാവിനെ ആക്രമിക്കുകയുമായിരുന്നു. ആള്‍ക്കൂട്ടത്തെ കണ്ട് പൊലീസ് പലവഴിക്കായി ഓടിരക്ഷപ്പെട്ടുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോലും പൊലീസിന് കണ്ടെടുക്കാന് സാധിച്ചിട്ടില്ലെന്നാണ് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. മണിപ്പൂരിലെ മറ്റു നിരവധി ആള്‍ക്കൂട്ട കൊലകളും കൂട്ടബലാത്സംഗങ്ങളും വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് സംഭവത്തില്‍ മണിപ്പൂര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, മണിപ്പൂര്‍ കലാപത്തില്‍ സംസ്ഥാനം ഒത്തുകളിച്ചെന്ന ആരോപണവുമായി ബി.ജെ.പി എം.എല്‍.എ പൗലിയന്‍ലാല്‍ ഹയോകിപ് ഇന്ന് രംഗത്തെത്തിയിരുന്നു. വംശീയ-വര്‍ഗീയ കലാപമായി തുടങ്ങിയ ആക്രമണത്തെ പിന്നീട് നാര്‍ക്കോ ഭീകരര്‍ക്കെതിരായി മുഖ്യമന്ത്രി ചിത്രീകരിച്ചത് ഒത്തുകളിയുടെ തെളിവാണെന്ന് ഇന്ത്യ ടുഡേയില്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളില്‍ അദ്ദേഹം എഴുതിയിരുന്നു.

കുകികളുള്ള ജില്ലകള്‍ക്ക് പ്രത്യേക ഭരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന് കത്തയച്ച പത്ത് എം.എല്‍.എമാരില്‍ ഒരാളാണ് പൗലിയന്‍ലാല്‍ ഹയോകിപ്. ആക്രമണം നടത്തുന്നത് മെയ്തി സമുദായക്കാര്‍ ആണെന്നും ബി.ജെ.പി സര്‍ക്കാര്‍ ഇവരെ പിന്തുണക്കുകയാണെന്നും നേരത്തെ എം.എല്‍.എമാര്‍ ആരോപിച്ചിരുന്നു. കുകികള്‍ക്ക് പ്രത്യേക ഭരണകൂടം വേണമെന്ന ആവശ്യത്തെ മുഖ്യമന്ത്രി നേരത്തെ തള്ളിയിരുന്നു.

ഇംഫാല്‍ താഴ്വരക്ക് ചുറ്റുമുള്ള കുകികളുടെ വീടുകളെല്ലാം ആക്രമിക്കാന്‍ മെയ്തി വിഭാഗക്കാരെ സഹായിക്കുന്നതിന് വേണ്ടിയാണ് നാര്‍ക്കോ ഭീകരര്‍ എന്ന ചിത്രീകരണം കലാപത്തിലേക്ക് ഇപ്പോള്‍ കൊണ്ടുവന്നതെന്നും ഹയോകിപ് വിമര്‍ശിച്ചു.

Content Highlights: manipur college student beaten to death after criticizing cm n biren singh