ഇംഫാല്‍: 2016ല്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് പുതിയ ഏഴ് ജില്ലകള്‍ രൂപീകരിച്ചത് രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബീരേന് സിങ്. സംസ്ഥാനത്ത് കൂടുതല്‍ വിവാദങ്ങളുണ്ടാകതിരിക്കാന്‍ പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ബിരേന്‍ സിങ് പറഞ്ഞു.
നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം നാഗാ പീപ്പിള്‍സ് ഫ്രണ്ട് എം.എല്‍.എ ലെഷിയോ കെയ്ഷിങ് അവതരിപ്പിച്ച ശ്രദ്ധാ പ്രമേയത്തിന് മറുപടി നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ജില്ലകള്‍ പുനഃസംഘടിപ്പിക്കുന്നതിനെ അംഗീകരിക്കേണ്ട സമയത്ത് പുതിയ ജില്ലകള്‍ രൂപീകരിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.
‘പുതിയ ജില്ലകള്‍ വംശീയതയെ അടിസ്ഥാനമാക്കിയാണ് രൂപീകരിക്കുന്നത്. അഭിസംബോധന ചെയ്യപ്പെടാത്ത പക്ഷം ഇത്തരത്തിലുള്ള തെറ്റുകള്‍ കൂടുതല്‍ വംശീയ വിഭജനത്തിന് കാരണമാകും. സംസ്ഥാനത്തെ ആളുകള്‍ അവരെ ഒരു മണിപ്പൂരിയായി കണക്കാക്കുന്നില്ല. ഒരു പ്രത്യേക ജില്ലയിലെ ഭൂരിപക്ഷ സമുദായം എന്ന രീതിയിലാണ് അവര്‍ അവരെത്തന്നെ കണക്കാക്കുന്നത്,’ ബിരേന്‍ സിങ് പറഞ്ഞു.
എല്ലാവരുടെയും ശബ്ദങ്ങള്‍ ഒരുപോലെ കേള്‍ക്കുന്നുണ്ടെന്നും തത്ഫലമായുണ്ടാകുന്ന തീരുമാനങ്ങള്‍ ന്യായവും പ്രായോഗികവുമാണെന്ന് ഉറപ്പാക്കാന്‍ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുമായും ഗോത്ര നേതാക്കളുമായും കൂടിയാലോചന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ഇന്ത്യാ സഖ്യത്തിന്റെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബീരേന് സിങ് കഴിഞ്ഞ മാസം സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് കലാപം തുടങ്ങിയതിന് ശേഷം ആദ്യമായാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വിഷയം ചര്‍ച്ച ചെയ്യുന്നത്. മോദിയുടെ നേതൃത്വത്തില്‍ നടന്ന രണ്ട് യോഗങ്ങളില്‍ പങ്കെടുത്തിട്ടും ബിരേന്‍ സിങ് മണിപ്പൂര്‍ വിഷയം ഉന്നയിച്ചില്ലെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
ബ്യൂറോക്രാറ്റുകളെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്തത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മണിപ്പൂര്‍ വിഷയം പരിഹരിക്കണമെന്നാണ് ബിരേന്‍ സിങ് കൂടിക്കാഴ്ചയില്‍ ഉയര്‍ത്തിയ പ്രധാന ആവശ്യം. മണിപ്പൂരില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തിന്റെ സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണ് യോഗം നടന്നത്.
2023 മെയ് മുതലാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ ഇതുവരെ രാജ്യത്തിന്റെ പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിച്ചിട്ടില്ല. പാര്‍ലമെന്റില്‍ മണിപ്പൂരിനെ കുറിച്ച് ഒരു തവണ പോലും ഉരിയാടിയതുമില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിച്ച് വേണ്ടത് ചെയ്യുന്നുണ്ടെന്നാണ് വിമര്‍ശനങ്ങള്‍ക്ക് ബി.ജെ.പി നല്‍കുന്ന വിശദീകരണം.
Content Highlight: Manipur Chief Minister N. Biren Singh says the former Congress government formed seven new districts in the state with political interest