ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കില്ലെന്ന് ബിരേന്‍ സിങ്. രാവിലെ മുതല്‍ നിലനില്‍ക്കുന്ന രാജി അഭ്യൂഹത്തിന് തന്റെ ട്വിറ്ററിലൂടെ വിരാമമിടുകയായിരുന്നു അദ്ദേഹം.
‘ഈ നിര്‍ണായക ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഞാന്‍ രാജി വെക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു,’ അദ്ദേഹം പറഞ്ഞു.
At this crucial juncture, I wish to clarify that I will not be resigning from the post of Chief Minister.
ഇന്ന് രാവിലെ മുതല്‍ ബിരേന്‍ സിങ് രാജി വെക്കുമെന്ന അഭ്യൂഹങ്ങള്‍ നിലിനിന്നിരുന്നു. നേരത്തെ രാജി സംബന്ധിച്ച് നിരവധി നാടകീയ സംഭവങ്ങളാണ് മണിപ്പൂരില്‍ അരങ്ങേറിയത്.
രാജി സന്നദ്ധതയറിയിക്കാന്‍ ഗവര്‍ണറെ കാണാന്‍ എത്തിയ ബിരേന്‍ സിങ്ങിനെ ജനക്കൂട്ടം തടഞ്ഞിരുന്നു. ജനക്കൂട്ടം ബിരേന്‍ സിങ്ങിന്റെ രാജി കത്ത് കീറിക്കളഞ്ഞെന്നും തുടര്‍ന്ന് ബിരേന്‍ സിങ് രാജി വെക്കില്ലെന്ന് അവരോട് പറഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് രാജി വെക്കുന്നില്ലെന്ന് ബിരേന്‍ സിങ്ങ് തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
നിരവധി സ്ത്രീകള്‍ പിന്തുണയുമായി ബിരേന്‍ സിങ്ങിന്റെ വസതിക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
‘മുഖ്യമന്ത്രി രാജി വെക്കരുതെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലിരുന്ന് പ്രതിഷേധിക്കുന്നത്. അദ്ദേഹം മണിപ്പൂരിന്റെ ഉത്തമനായ മുഖ്യമന്ത്രിയാണ്. ഞങ്ങള്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്,’ എന്നാണ് നേരത്തെ പ്രതിഷേധിക്കുന്ന സ്ത്രീകളിലൊരാള്‍ എ.എന്‍.ഐയോട് പറഞ്ഞത്.
അതേസമയം മണിപ്പൂരില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുകയാണ്. മണിപ്പൂരില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും സമാധാനം ആവശ്യമുണ്ടെന്നും അതിനായി സര്‍ക്കാരുകളുമായി എന്ത് സഹകരണത്തിനും താന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘എല്ലാവരും അക്രമത്തിന്റെ പാത ഉപേക്ഷിക്കണം. അക്രമം ആര്‍ക്കും ഒന്നും നേടിത്തരില്ല. ശാന്തിയുടെ മാര്‍ഗമാണ് മുന്നോട്ടേക്ക് വേണ്ടത്. എല്ലാ ജനവിഭാഗങ്ങളും സമാധാന ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വരണം.
മണിപ്പൂരില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും സമാധാനം ആവശ്യമുണ്ട്. അതിനായി സര്‍ക്കാരുകളുമായി എന്ത് സഹകരണത്തിനും ഞാന്‍ തയ്യാറാണ്. മണിപ്പൂരിലെ എല്ലാ ജനങ്ങളേയും എനിക്ക് ഇഷ്ടമാണ്. മണിപ്പൂരിലുണ്ടായിരിക്കുന്നത് അതിഭീകരമായൊരു ദുരന്തമാണ്. നമ്മളെല്ലാവരും ഇവിടെ സമാധാനം കൊണ്ടുവരാന്‍ ഒന്നിക്കണം.
മണിപ്പൂരിലെ ക്യാമ്പുകളില്‍ ഞാന്‍ പോയി. എല്ലാ കമ്മ്യൂണിറ്റിയിലേയും ജനങ്ങളുമായി ഞാന്‍ ചര്‍ച്ച നടത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. കൃത്യമായി ഭക്ഷണവും മരുന്നും ലഭിക്കുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം,’ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
content highlights: Manipur Chief Minister Biren Singh will not resign