ഇംഫാൽ: സർക്കാരിന്റെ ‘അംഗീകാരമില്ലാത്ത’ ഗ്രാമങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന ഉത്തരവുമായി മണിപ്പൂർ സർക്കാർ. സംസ്ഥാനത്തെ അംഗീകൃതമല്ലാത്ത ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എൻ.ആർ.ഇ.ജി.എ) പോലുള്ള സർക്കാർ പദ്ധതികൾ ഇനി നൽകില്ലെന്ന് മണിപ്പൂർ കാബിനറ്റ് തീരുമാനിക്കുകയായിരുന്നു. ആരോഗ്യമന്ത്രി സപം രഞ്ജൻ ആണ് മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.
50 വീടുകളിൽ താഴെയുള്ള ഗ്രാമങ്ങളുടെ അംഗീകാരം എടുത്ത് കളയുമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന സർക്കാരിൻ്റെ അംഗീകാരം വാങ്ങാതെ നിരവധി ഉദ്യോഗസ്ഥർ തങ്ങളുടെ സമുദായത്തിൻ്റെ പ്രയോജനത്തിനായി മലയോര ഗ്രാമങ്ങൾക്ക് അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. ഇത്തരം ഗ്രാമങ്ങളിലെ താമസക്കാർക്ക് സർക്കാർ സൗകര്യങ്ങൾ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘സർക്കാർ അംഗീകരിച്ച ഗ്രാമങ്ങൾക്ക് മാത്രമേ സർക്കാർ പദ്ധതികൾ നൽകൂ. ഇതിൽ എം.ജി.എൻ.ആർ.ഇ.ജി.എ. ഉൾപ്പെടും. അംഗീകൃതമല്ലാത്ത ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് ഈ ആനുകൂല്യങ്ങൾ നൽകില്ല,’ സപം രഞ്ജൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ ദുരിതബാധിത പ്രദേശങ്ങളുടെ സ്ഥിതി ഉൾപ്പെടെ 51 അജണ്ടകൾ അവലോകനം ചെയ്തു. ഇംഫാൽ താഴ്‌വരയിലെ 19 പൊലീസ് സ്റ്റേഷൻ ഏരിയകളും അസമുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളും ഒഴികെ മണിപ്പൂരിൽ സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമം (AFSPA) സർക്കാർ ആറ് മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തിട്ടുണ്ട്.
വിവിധ വകുപ്പുകളിലെ കരാർ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ്, പൊലീസ് വകുപ്പിലെ കാരുണ്യ നിയമനങ്ങൾ, ജൗജാങ്‌ടെക് ഏരിയയിൽ പുതിയ പൊലീസ് സ്‌റ്റേഷന് ഭൂമി ഉറപ്പാക്കൽ എന്നിവയും മന്ത്രിസഭ ചർച്ച ചെയ്തു.
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സർക്കാർ വക്താവ് കൂടിയായ രഞ്ജൻ അറിയിച്ചു.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെന്നും വ്യാഴാഴ്ച വരെ 1,195 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇംഫാൽ, ഇംഫാൽ വെസ്റ്റ് ജില്ലകളിലാണ് 1,070 കേസുകൾ റിപ്പോർട്ട് ചെയ്തത്, ഈ മേഖലയിൽ ഡെങ്കിപ്പനി മൂലം മൂന്ന് മുതൽ നാല് വരെ മരണങ്ങൾ ഉണ്ടായിട്ടുണ്ട്.
Content Highlight: Manipur Cabinet: People of unrecognised villages excluded from govt schemes