national news
മണിപ്പൂര്‍ നിയമസഭ മരവിപ്പിച്ചേക്കും; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 12, 09:25 am
Wednesday, 12th February 2025, 2:55 pm

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭ മരവിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആറ് മാസത്തിലൊരിക്കല്‍ സഭ കൂടണമെന്ന ചട്ടം മറികടക്കാനാണ് നീക്കമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആറുമാസത്തിലൊരിക്കല്‍ സഭ കൂടിയില്ലെങ്കില്‍ പിരിച്ചുവിടുമെന്ന ചട്ടം നിലനില്‍ക്കെയാണ് നീക്കം. ആറ് മാസം എന്ന കാലാവധി ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് തത്ക്കാലത്തേക്ക് മരവിപ്പിക്കാനുള്ള നീക്കം.

മണിപ്പൂര്‍ നിയമസഭ ചേരാനുള്ള കാലാവധി അവസാനിക്കുന്നതും ബജറ്റ് സമ്മേളനത്തിനുള്ള അനുമതി ഗവര്‍ണര്‍ എ.കെ ഭല്ല റദ്ദാക്കുകയും ചെയ്തതോടെയാണ് നിയമസഭ മരവിപ്പിക്കാനുള്ള നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മണിപ്പൂര്‍ നിയമസഭ അവസാനമായി ചേര്‍ന്നത് 2024 ഓഗസ്റ്റ് 12 നാണെന്നതും ഭരണഘടന ആര്‍ട്ടിക്കിള്‍ 174(1) പ്രകാരം ആറുമസത്തിലധികം യോഗം ചേരാതെ തുടരാന്‍ കഴിയില്ലെന്നതും ഫെബ്രുവരി 12 ന് കാലാവധി അവസാനിക്കാനിരിക്കുന്നതും പ്രതിസന്ധികളിലേക്ക് നയിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഫെബ്രുവരി 12നകം ബദല്‍ നടപടികളൊന്നും സ്വീകരിച്ചില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടായേക്കാമെന്നും പുതിയ മുഖ്യമന്ത്രിയെ നിയമിക്കാത്ത പക്ഷം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ, നിയമസഭയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയോ ചെയ്യേണ്ടി വന്നേക്കാമെന്നും വിദഗ്ധര്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങ് രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ നേതൃത്വ പ്രതിസന്ധിക്കിടെ, ബി.ജെ.പി നേതാവ് സംബിത് പത്രയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ചൊവ്വാഴ്ച രാജ്ഭവന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിയമസഭ താത്ക്കാലികമായി മരവിപ്പിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: Manipur assembly may freeze; Report