ഇംഫാല്‍: മണിപ്പൂരിൽ ഇംഫാല്‍ താഴ്‌വരയുടെ ഭരണം നിയന്ത്രണത്തിലാക്കി മെയ്തി വിഭാഗത്തിന്റെ തീവ്ര സംഘടനയായ ആരംഭായ് തെംഗോൾ. മന്ത്രിമാരെയും എം.എൽ.എമാരെയും ഭീഷണിപ്പെടുത്തി ആരംഭായ് തെംഗോൾ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചതായാണ് റിപ്പോർട്ട്.
സംഘടനായോഗത്തിന്റെ മിനിറ്റ്സിൽ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി സർക്കാരിനെ വിമർശിച്ച കോൺഗ്രസ് അധ്യക്ഷൻ കെ. മേഘചന്ദ്രനെ ക്രൂരമായി മർദിക്കുകയും ചെയ്തു.
ആരംഭായ് തെംഗോളിനോപ്പം നിരോധിത മെയ്തി തീവ്ര സംഘടനകളും അണിചേർന്നതോടെ മണിപ്പൂരിലെ സ്ഥിതി സങ്കീർണമായി. ഇവർ ഇംഫാല്‍ താഴ്വരയിലൂടെ തുറന്ന വാഹനങ്ങളിൽ ആയുധങ്ങളുമായി പരേഡ് നടത്തി.
മെയ്‌തി വിഭാഗത്തിൽപ്പെട്ട മന്ത്രിമാരെയും നിയമസഭാംഗങ്ങളെയും ഭീഷണിപ്പെടുത്തി ഇംഫാല്‍ നഗരത്തിലെ കോട്ടയിലെത്തിച്ച സംഘം പ്രാദേശിക അഖണ്ഡത കാത്തുസൂക്ഷിക്കണമെന്ന് അവരെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു.
കുക്കി സംഘടനകളുമായുള്ള സമാധാന കരാർ പിൻവലിക്കുന്നതിനും അസം റൈഫിൾസിനെ മണിപ്പൂരിൽ നിന്ന് പിൻവലിക്കുന്നതിനും പാർട്ടി വ്യത്യാസമില്ലാതെ എല്ലാ എം.എൽ.എമാരും പ്രവർത്തിക്കണമെന്നും സംഘം ആഹ്വാനം ചെയ്തു.
ബി.ജെ.പിയുടെ 25ഉം കോൺഗ്രസിന്റെ അഞ്ചും എൻ.പി.പിയുടെ യുടെ നാലും ജനതാദളിന്റെ രണ്ടും എം.എൽ.എമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് മന്ത്രിമാർ അടക്കമുള്ളവർ കോട്ടക്കകത്ത് എത്തിയത്.
സത്യപ്രതിജ്ഞ ചെയ്തവരിൽ കേന്ദ്രമന്ത്രി ആർ.കെ രഞ്ജൻ സിങ്ങും സന്ജോബ ലെയ്ഷമ്പ എം.പിയും ഉൾപ്പെടുന്നു.
ആരംഭായ് തെംഗോളിനോപ്പം മറ്റ് നിരോധിത തീവ്ര സംഘടനകളും ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചതിനാൽ ബഫർ സോണിൽ അസം റൈഫിൾ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ ഖമൻലോക് ഗ്രാമത്തിൽ മെയ്തി അണികൾ തീവെപ്പ് നടത്തിയാതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlight: Manipur: Armed Meitei group gets 37 MLAs, two MPs to take oath to protect state