| Wednesday, 19th May 2021, 8:05 am

ഗോമൂത്രത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; ബി.ജെ.പി പരാതിയില്‍ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മണിപ്പൂര്‍: ഗോമൂത്രത്തിനെതിരെ ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെയും ആക്ടിവിസ്റ്റിനെയും അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനായ കിശോര്‍ചന്ദ്ര വാങ്കേം, ആക്ടിവിസ്റ്റ് എറന്‍ഡോ ലെയ്ചോംബം എന്നിവരെയാണ് മണിപ്പൂര്‍ പൊലീസ് ദേശീയ സുരക്ഷ നിയമപ്രകാരം (എന്‍.എസ്.എ) അറസ്റ്റ് ചെയ്തത്.

കേസില്‍ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു ഇതിന് തൊട്ടുപിന്നാലെയാണ് പൊലീസ് എന്‍.എസ്.എ ചുമത്തിയത്. കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ ഇനിയെങ്കിലും ഗോമൂത്രത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ഇരുവരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്നാണ് നേതാവിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഷാം ദെബാന്‍ സിംഗ്, ജനറല്‍ സെക്രട്ടറി പി. പ്രേമാനന്ദ മീറ്റെയ് എന്നിവര്‍ വാങ്കേമിനും ലെയ്ചോംബത്തിനും എതിരെ പരാതി നല്‍കിയത്.

ചാണകവും ഗോമൂത്രവും സഹായിച്ചില്ല, എല്ലാം തെറ്റായ പ്രചരണം മാത്രം. നാളെ മത്സ്യം കഴിച്ചു നോക്കാം എന്നായിരുന്നു കിശോര്‍ചന്ദ്ര വാങ്കേമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ചാണകവും മൂത്രവും കൊറോണ വൈറസിന് പരിഹാരമല്ലെന്നും ബി.ജെ.പി നേതാവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു ലെയ്ചോംബയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ചികിത്സ ഒരു ശാസ്ത്രവും സാമാന്യബുദ്ധിയുമാണ്,’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇത് ആദ്യമായല്ല ഇരുവര്‍ക്കുമെതിരെ മണിപ്പൂര്‍ പൊലീസ് നടപടിയെടുക്കുന്നത്. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ സര്‍ക്കാരിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ്‌ലോഡ് ചെയ്തതിന് 2018ല്‍ കിശോര്‍ചന്ദ്ര വാങ്കേമിനെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുത്തിരുന്നു. 2019 ലാണ് കിശോര്‍ മോചിപ്പിക്കപ്പെടുന്നത്.

പിന്നീട് സോഷ്യല്‍ മീഡിയയില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നുവെന്നാരോപിച്ചും 2020 സെപ്റ്റംബറില്‍ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു. 2020 ഡിസംബറിലാണ് കിശോര്‍ വാങ്കേം മോചിപ്പിക്കപ്പെടുന്നത്.

മണിപ്പൂര്‍ രാജാവ് സനജോബ ലീഷെംബയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ആക്ടിവിസ്റ്റ് എറന്‍ഡോ ലെയ്ചോംബയെക്കതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Manipur activist, journalist charged under NSA for posts on cow urine

We use cookies to give you the best possible experience. Learn more