| Wednesday, 1st January 2025, 11:41 am

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത അക്രമങ്ങളില്‍ 77 ശതമാനവും മണിപ്പൂരില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ അക്രമങ്ങളില്‍ 50 ശതമാനത്തിലധികവും മണിപ്പൂരില്‍. 77 ശതമാനം അക്രമ സംഭവങ്ങളാണ് മണിപ്പൂരില്‍ രേഖപ്പെടുത്തിയത്. കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

242 അക്രമ സംഭവങ്ങളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുടനീളമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മണിപ്പൂരില്‍ രേഖപ്പെടുത്തിയത് 187 കേസുകളാണ്. സംസ്ഥാനത്തെ മെയ്‌തെയ്-കുക്കി തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ അക്രമ സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2023 മെയ് മൂന്നിനാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതേ തുടര്‍ന്ന് രേഖപ്പെടുത്തിയ അക്രമങ്ങളില്‍ 2022 നെ അപേക്ഷിച്ച് വലിയ വര്‍ധനവുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

കണക്കുകള്‍ പ്രകാരം, 184 പേര്‍ കലാപത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 33 കലാപകാരികള്‍ കൊല്ലപ്പെടുകയും ചെയ്തു. 49 പേരില്‍ ഇന്ന് ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മണിപ്പൂരിലെ 80 വിമത സംഘടനകള്‍ ഇക്കാലയളവില്‍ കീഴടങ്ങിയിട്ടുമുണ്ട്.

കലാപം രൂക്ഷമാകുന്നു എന്ന് മനസിലാക്കിയ സമയം മുതല്‍ക്കേ മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത കമാന്‍ഡ് സിസ്റ്റം നടപ്പിലാക്കിയെന്നും സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കിയെന്നും മന്ത്രാലയം പറയുന്നു.

247.26 കോടി രൂപ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് പ്രത്യേക സഹായം നല്‍കിയിട്ടുണ്ടെന്നും എം.എച്ച്.എ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 101.75 കോടിയും ക്യാമ്പില്‍ കഴിയുന്നവരുടെ ആരോഗ്യം, ഭക്ഷണം എന്നിവയ്ക്കായി 89.22 കോടി രൂപയും നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

250ലധികം ആളുകളുടെ മരണത്തിന് കാരണമായ മണിപ്പൂര്‍ കലാപത്തില്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് സംസ്ഥാനത്തെ ജനതയോട് ഇന്നലെ (ചൊവ്വാഴ്ച) മാപ്പ് പറഞ്ഞിരുന്നു.

വളരെ നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് മണിപ്പൂരില്‍ നടന്നതെന്നും കഴിഞ്ഞ മെയില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെന്നും ഒരുപാട് പേര്‍ക്ക് സ്വന്തം സ്ഥലം വിട്ടുപോവേണ്ടി വന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നുമാണ് ബിരേന്‍ സിങ് പറഞ്ഞത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന ആവശ്യം 2023 മെയ് മുതല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും ഇതുവരെ അദ്ദേഹം സംസ്ഥാനം സന്ദര്‍ശിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും പ്രധാനമന്ത്രി നല്‍കിയിട്ടില്ല.

Content Highlight: Manipur accounted for 77 percent of the violence reported in the northeastern states

We use cookies to give you the best possible experience. Learn more