ഇംഫാല്‍: മൃതദേഹം സംസ്‌കരിക്കാന്‍ വില്ലേജ് കൗണ്‍സില്‍ സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവതിയുടെ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത് രണ്ടാഴ്ചയിലേറെ. മണിപ്പൂരിലാണ് സംഭവം.
ആഗസ്റ്റ് ഏഴിന് മരിച്ച റിത ഹൗറിയെന്ന യുവതിയുടെ മൃതദേഹമാണ് സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് സംസ്‌കരിക്കാതെ വെച്ചത്. രണ്ടാഴ്ചയിലേറെ അവരുടെ മൃതദേഹം പള്ളിയുടെ സമീപപ്രദേശത്ത് സംസ്‌കരിക്കാതെ വെച്ചു.
ബാസ്റ്റിറ്റ് ഭൂരിപക്ഷ മേഖലയായ ഇവിടെ കത്തോലിക്കാ വിശ്വാസിയായതിനാലാണ് യുവതിക്ക് സ്ഥലം നിഷേധിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. “ഗ്രാമീണര്‍ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം അനുവദിക്കാത്തതിനുള്ള ഏക കാരണം അവരുടെ വിശ്വാസമാണ്.” റിതയുടെ മൃതദേഹം സൂക്ഷിച്ച സേക്രഡ് ഹാര്‍ട്ട് പാരിഷിലെ വികാരി ടി.എസ് ഡൊമനിക് പറയുന്നു.
എന്നാല്‍ ഗ്രാമത്തലവനായ വുഗ്രിഖാന്‍ കേസര്‍ ഈ ആരോപണം നിഷേധിച്ചു. ഇത് ഗ്രാമത്തിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും മതവുമായി ഇതിന് ബന്ധമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
റിത പൂര്‍ണമായും ഈ ഗ്രാമീണയല്ലെന്നും അവരെയും കുടുംബത്തെയും 2010 മുതല്‍ ഗ്രാമത്തില്‍ നിന്നും ഭ്രഷ്ടരാക്കിയതാണെന്നുമാണ് അദ്ദേഹം പറയുന്നത്. ഇക്കാരണം കൊണ്ടാണ് മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം അനുവദിക്കാതിരുന്നതെന്നും അദ്ദേഹം ന്യായീകരിക്കുന്നു.