| Monday, 9th September 2019, 9:16 pm

പൗരത്വ ബില്‍ മണിപ്പൂരിനും ആവശ്യമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അസമില്‍ നടപ്പാക്കിയതു പോലെ പൗരത്വബില്‍ മണിപ്പൂരിനും ആവശ്യമാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരണ്‍ സിംഗ്. എന്‍.ആര്‍.സി ബില്‍ നടപ്പാക്കാനുള്ള സാധ്യതകള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘മണിപ്പൂരുള്‍പ്പെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍.ആര്‍.സി ബില്‍ ആവശ്യമാണ്. മണിപ്പൂര്‍ സര്‍ക്കാര്‍ ഇതിനായുള്ള നടപടിക്രമങ്ങളെ പറ്റി ചര്‍ച്ചചെയ്യുന്നുണ്ട്’ എന്നായിരുന്നു മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന.

എങ്ങനെയാണ് എന്‍.ആര്‍.സി ബില്‍ നടപ്പാക്കുക എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിലവില്‍ അസമില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പൗരത്വ ബില്‍ നടപ്പാക്കി വരികയാണെന്നും മണിപ്പൂരിന്റെ ആവശ്യം കേന്ദ്രത്തെ ഉടന്‍ അറിയിക്കുമെന്നും ബിരണ്‍ സിംഗ് പറഞ്ഞു.

അസമില്‍ 19 ലക്ഷം പേരാണ് എ.ന്‍.ആര്‍.സി പൗരത്വ പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. പൗരത്വം നഷ്ടപ്പെട്ടവര്‍ക്കായി അസമില്‍ പത്തു തടവറകള്‍ കൂടി പുതുതായി പണിയാനൊരുങ്ങുകയാണ് അസം സര്‍ക്കാര്‍.

ട്രൈബ്യൂണല്‍ വിദേശിയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കോക്രജാര്‍, സില്‍ച്ചാര്‍, ദിബ്രുഗഢ്, തേസ്പൂര്‍, ഗോള്‍പാറ, ജോര്‍ഹട്ട എന്നിവിടങ്ങളിലായി ഒരുങ്ങുന്ന ആറു തടവറകളിലേയ്ക്കാണ് ആളുകളെ മാറ്റുക.

സ്ത്രീകളെ അവര്‍ക്കുമാത്രമായുള്ള തടവറയിലേക്കുമാറ്റും. താല്‍ക്കാലിക കേന്ദ്രങ്ങളില്‍ നിലവില്‍ തടവില്‍ പാര്‍പ്പിച്ചിട്ടുള്ളവരെയും പുതിയ കേന്ദ്രങ്ങളിലേയ്ക്കുമാറ്റും.

ദൊമിനിയിലൊരുങ്ങുന്ന കൂറ്റന്‍ തടവറയുടെ പണി തിരക്കിട്ട് നടക്കുകയാണ്. ഏകാന്ത തടവുകാര്‍ക്കുള്ള ഒറ്റമുറി സെല്ലുകളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രവും കുടിവെള്ള പദ്ധതിയും അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്.

തടവറയിലാവുന്ന കുട്ടികള്‍ക്ക് അതിനുള്ളില്‍ തന്നെ പഠനകേന്ദ്രങ്ങളൊരുക്കും. എന്നാല്‍ അവസാനഘട്ടപൗരത്വ പട്ടികയിലില്ലാത്ത 1.17 ലക്ഷം പേര്‍ക്ക് നിലവില്‍ പണിയുന്ന തടവറ മതിയാകില്ല. അതുകൊണ്ട് പത്തു തടവറകള്‍ കൂടി നിര്‍മിക്കാനുള്ള പദ്ധതിയിലാണ് അസം സര്‍ക്കാര്‍.

പുറത്തിറങ്ങുന്നവര്‍ ആഴ്ചതോറും പൊലീസ് സ്റ്റേഷനില്‍ വന്നു ഒപ്പുവയ്ക്കണം. മൂന്നു മാസത്തിലൊരിക്കല്‍ ജാമ്യത്തിലിറങ്ങിയ ആളുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ല പൊലീസിനു സമര്‍പ്പിക്കണം. ജാമ്യമെടുക്കാന്‍ കഴിയാത്തവര്‍ മരണം വരെ ഈ തടവറയില്‍ കഴിയേണ്ടിയും വരും. ട്രൈബ്യൂണലുകള്‍ ബംഗ്ലാദേശികളാണെന്നു പറഞ്ഞതുകൊണ്ടുമാത്രം ഇവരെ സ്വീകരിക്കാന്‍ ആ രാജ്യവും തയ്യാറാകില്ല.

എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം തടവറകള്‍ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറ്റു സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ ഈ രീതിയില്‍ തടവറ ഒരുക്കി കഴിഞ്ഞിട്ടുണ്ട്.

We use cookies to give you the best possible experience. Learn more