കോഴിക്കോട്: എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവലിന് ജെ.സി.ബി പുരസ്‌കാരം ലഭിച്ചതില്‍ പ്രതികരണവുമായി മാതൃഭൂമി ആഴ്ചപതിപ്പ് മുന്‍ കോപ്പി എഡിറ്ററും ട്രൂ കോപ്പി തിങ്ക് എഡിറ്റര്‍ ഇന്‍ ചീഫുമായ മനില സി. മോഹന്‍. ‘മീശ’യ്ക്ക് പുരസ്‌കാരം ലഭിച്ച വാര്‍ത്ത മാതൃഭൂമിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് മനില സി. മോഹന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മനിലയുടെ പ്രതികരണം. ‘മീശ’ എന്ന നോവല്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഹിന്ദുവികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞായിരുന്നു ആക്രമണം. ഇതോടെ മീശ നോവല്‍ മാതൃഭൂമി പിന്‍വലിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മാതൃഭൂമി ആഴ്ചപതിപ്പ് എഡിറ്റര്‍ കമല്‍റാം സജീവും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം മനില സി. മോഹനും രാജിവെച്ചത്.
ഫാസിസം അത് ഏറ്റവും അക്രമോല്‍സുകത കാണിക്കുന്ന കാലഘട്ടത്തില്‍ മാതൃഭൂമി മാനേജ്മെന്റ് സ്വീകരിക്കുന്ന നിലപാട് തനിക്ക് അംഗീകരിക്കാന്‍ ആകില്ലെന്നായിരുന്നു രാജി പ്രഖ്യാപിച്ച് മനില പറഞ്ഞിരുന്നത്.
‘മീശ’ യുടെ ഇംഗ്ലീഷ് പരിഭാഷയാണ് ജെ.സി.ബി പുരസ്‌കാരത്തിന് അര്‍ഹമായത്. കോട്ടക്കല്‍ സ്വദേശിനി ജയശ്രീ കളത്തിലാണ് നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.
ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി ലിറ്റററി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരത്തിന്റെ സമ്മാനതുക 25 ലക്ഷമാണ്. പരിഭാഷപ്പെടുത്തിയ വ്യക്തിക്ക് 10 ലക്ഷം രൂപയും ലഭിക്കും.
നോവല്‍ വിവാദമായതോടെ ഹരീഷിനെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും ഭീഷണിയുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ നോവല്‍ മാതൃഭൂമിയില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന് ഹരീഷ് അറിയിച്ചു. പിന്നീട് ഡി.സി ബുക്സ് നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.
അഞ്ചു പുസ്തകങ്ങളായിരുന്നു ഈ വര്‍ഷം ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. ദീപ ആനപ്പാറയുടെ ജിന്‍ പട്രോള്‍ ഓണ്‍ ദ പര്‍പ്പിള്‍ ലൈന്‍, സമിത് ബസുവിന്റെ ചോസന്‍ സ്പിരിറ്റ്സ്, ധരിണി ഭാസ്‌കറിന്റെ ദീസ് അവര്‍ ബോഡീസ് പൊസസ്ഡ് ബൈ ലൈറ്റ്, ആനി സെയ്ദിയുടെ പ്രെല്യൂഡ് ടു എ റയട്ട് എന്നിവയാണ് മറ്റ് പുസ്തകങ്ങള്‍. ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കുന്ന എഴുത്തുകാര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.
മനില സി. മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എസ്. ഹരീഷിന്റെ നോവല്‍ മീശയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം ലഭിച്ചു എന്ന വാര്‍ത്ത കഠിനമായ സന്തോഷവും അഭിമാനവും തോന്നുന്ന ഒന്നാണ്.
പ്രിയപ്പെട്ട ഹരീഷ്, S Hareesh Hareesh
മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ, മതവര്‍ഗ്ഗീയ വാദികളുടെ ആക്രമണത്താല്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായ നിങ്ങളുടെ രാഷ്ട്രീയ നോവലിന്, നമ്മുടെ മീശയ്ക്ക് അവാര്‍ഡ് കിട്ടിയതില്‍ അഭിനന്ദനങ്ങള്‍.
മീശ എന്ന നോവല്‍ വിവാദമായതിന് പിന്നില്‍ അന്ധമായ ജാതി മത ചിന്തകളും പ്രതികാരവും തലയില്‍ പേറുന്നവരുടെ ബോധപൂര്‍വ്വമായ ഇടപെടലുണ്ടായിരുന്നു എന്ന് തന്നെയാണ് മനസ്സിലാവുന്നത്. ദുര്‍ബലമായ ഒരു പൊളിറ്റിക്കല്‍ ഗെയിം.
കൗതുകത്തിന്റെ മാത്രം എലമെന്റുള്ള ഒരു യാദൃച്ഛികത കൂടി ഓര്‍മിപ്പിക്കട്ടെ.
2018 നവംബര്‍ 6 നാണ് ലോങ്ങ് ലിവ് സെക്കുലര്‍ ഇന്ത്യ എന്ന് ട്വീറ്റ് ചെയ്ത് മീശ പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ അന്നത്തെ എഡിറ്റര്‍ കമല്‍റാം സജീവ്, തന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടിനെ മുന്‍നിരത്തി മാതൃഭൂമിയില്‍ നിന്ന് രാജിവെച്ചത്. 2018 നവംബര്‍ 7 നാണ്, ഇന്നേയ്ക്ക് കൃത്യം രണ്ട് വര്‍ഷം മുന്‍പ് മാതൃഭൂമിയില്‍ നിന്ന് ഞാനും രാജിവെച്ചത്.
രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം എസ്.ഹരീഷിന്റെ അതേ നോവലിന് ജെ.സി.ബി. പുരസ്‌കാരം ലഭിക്കുമ്പോള്‍, ജേണലിസം എന്ന ആശയത്തോടും പ്രൊഫഷനോടും ശരിയെന്ന് ഉറച്ചു വിശ്വസിക്കുന്ന രാഷ്ടീയത്തോടുമുള്ള ആത്മവിശ്വാസം കൂടുതല്‍ ദൃഢമാവുന്നു.
ഇപ്പോള്‍ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കാവികൊണ്ട് അടിമുടി പുതച്ചു നില്‍ക്കുന്ന മാതൃഭൂമി എന്ന മഹാപ്രസ്ഥാനത്തിനു മുന്നിലേക്ക്, സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പേറുന്ന, ഗാന്ധിജിയുടെ രക്തം പുരണ്ട മണ്ണ് ഇന്നും ഓഫീസില്‍ സൂക്ഷിക്കുന്ന മാതൃഭൂമി എന്ന സാംസ്‌കാരിക കേന്ദ്രത്തിന് മുന്നിലേക്ക്, ജേണലിസം കരിയറില്‍ ഏറ്റവും മികച്ച അവസരങ്ങള്‍ നല്‍കുകയും കൃത്യസമയത്ത് കൃത്യമായ രാഷ്ടീയ തീരുമാനമെടുക്കാന്‍ എന്നെ പ്രാപ്തയാക്കുകയും ചെയ്ത മാധ്യമ സ്ഥാപനത്തിനു മുന്നിലേക്ക് എസ്. ഹരീഷിന് ലഭിച്ച ജെ.സി.ബി. പുരസ്‌കാരത്തിന്റെ വാര്‍ത്ത സന്തോഷത്തോടെ സമര്‍പ്പിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Manila C Mohan Mathrubhumi Meesha Novel JCB Award S Hareesh