മംഗളം ടെലിവിഷന്‍ ഒരു ദുരന്തമാണ്; മാര്‍ച്ച് 26 ദുരന്ത ദിനവും; ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക
Kerala
മംഗളം ടെലിവിഷന്‍ ഒരു ദുരന്തമാണ്; മാര്‍ച്ച് 26 ദുരന്ത ദിനവും; ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th March 2017, 7:43 pm

 

തിരുവനന്തപുരം: വിവാദ ഫോണ്‍ സംഭാഷണം പുറത്ത് വിട്ട മംഗളം ചാനല്‍ ഒരു ദുരന്തമാണെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തക മനില സി മോഹനന്‍. മാര്‍ച്ച് 26 ദുരന്ത ദിനമാണെന്നും അത് മലയാള ജോണലിസത്തിന്റെ മുഖ്യധാരയെ വാര്‍ത്ത / പോണ്‍ എന്നിങ്ങനെ രണ്ടായി പിളര്‍ക്കുന്നു എന്നും മനില ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.


Also read ‘ആള്‍ക്കൂട്ടമെത്തിയത് തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങളുമായി; പൊലീസ് എത്തിയെങ്കിലും അവരെ തടയാന്‍ ശ്രമിച്ചില്ല’ ആരോപണവുമായി ഗുജറാത്ത് കലാപത്തിലെ ഇരകള്‍ 


മംഗളം ടെലിവിഷനില്‍ നിന്ന് രാജിവെച്ച് പുറത്ത് വന്ന അല്‍ നീനമ അഷ്‌റഫിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് മനില ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് മംഗളം ചാനലിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത ബിസിനസ് സ്ഥാപനം മാത്രമാണ് ഈ ന്യൂസ് പോണ്‍ ചാനലെന്നും മനില പോസ്റ്റില്‍ പറയുന്നു.

ജേണലിസമാണ് എന്ന് ആ ചാനല്‍ കരുതുന്ന ജോലിയുടെ ചെറു രൂപങ്ങള്‍ മുമ്പും കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ന്യൂസ് പോണ്‍ വിഭാഗത്തില്‍പ്പെടുന്ന വാര്‍ത്തകളുടെ അംശങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടംനേടിയിട്ടുണ്ടെന്നും ന്യൂസ് പോണിനായി പ്രിന്റും ഓണ്‍ലെന്‍ ന്യസ് പോര്‍ട്ടലുകളും ഉണ്ടെന്നു പറഞ്ഞ മനില ദൃശ്യമാധ്യമ രംഗത്ത് ഇതാദ്യമാണെന്നും പറയാതെ പറയുന്നു.

“ആ പോണ്‍ന്യൂസ് ചാനലിന്റെ ലോഞ്ച് അതിലെ പോണ്‍ന്യൂസ് അവതാരകരുടെ ശരീരഭാഷ, അവതരണം, കണ്ടന്റ്, അതിലെ ജേണലിസ്റ്റുകളുടെ നിലവാരമില്ലാത്ത ന്യായീകരണങ്ങള്‍, ദുരന്തത്തെ തിരിച്ചറിഞ്ഞ മറ്റ് മാധ്യമങ്ങളിലെ ജേണലിസ്റ്റുകളോട് പോണ്‍ ന്യൂസ് ജേണലിസ്റ്റുകള്‍ ഉന്നയിക്കുന്ന കൊതിക്കെറുവിന്റെ അശ്ലീല ചോദ്യങ്ങള്‍ എല്ലാം ഭയപ്പെടുത്തുന്നു.” മനില പറയുന്നു.

മഞ്ഞപ്പത്രങ്ങളും പോണ്‍ സാഹിത്യവും മാത്രം വായിച്ച് ശീലിച്ചവരും പോണ്‍ വീഡിയോകള്‍ മാത്രം കണ്ട് ശീലിച്ചിട്ടുള്ളവരും ടെലിവിഷന്‍ ചാനലിനെക്കുറിച്ച് ചിന്തിച്ചാല്‍ അതിന് മംഗളം ചാനലാവാനേ സാധിക്കൂ എന്നു പറഞ്ഞ മനില അതുകൊണ്ടാണ്
സ്ത്രീ പ്രശ്‌നമെന്നാല്‍ ഫോണ്‍ സെക്‌സാണെന്ന് ഇവര്‍ തെറ്റിദ്ധരിക്കുന്നതെന്നും ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം എന്നാല്‍ ജീവനക്കാരെ ഇരകളാക്കി ഫോണിലോ അല്ലാതെയോ ലൈംഗിക സംഭാഷണങ്ങളോ ദൃശ്യങ്ങളോ പകര്‍ത്തി എയര്‍ ചെയ്യുക എന്നതുമാണെന്ന് ധരിച്ചു പോകുന്നതെന്നും മനില പറയുന്നു.

മാധ്യമ പ്രവര്‍ത്തകയെ ബലിയാടാക്കുകയായിരുന്നെന്ന് പറയുന്ന മനില “ചൂണ്ടയില്‍ ഒരു പെണ്ണിരയുടെ, സഹപ്രവര്‍ത്തകയുടെ ശരീരം കൊളുത്തിയിട്ടിട്ടാണ് വലിയ ഇരയെ പിടിച്ചു എന്ന് മംഗളം അഭിമാനിക്കുന്നതെന്നും മന്ത്രിയെ തുറന്നു കാട്ടാനെന്ന പേരില്‍ ദുസ്സൂചനയോടെത്തന്നെ മന്ത്രിക്കൊപ്പം ഒരു ചടങ്ങില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ ചിത്രം എഡിറ്റര്‍ തന്നെ പ്രചരിപ്പിക്കുകയാണെന്നും അതിലെ കടുത്ത സ്ത്രീവിരുദ്ധതയും ചൂഷണവും ക്രിമിനലിസവും മംഗളത്തിലെ സ്ത്രീകളായ ജേണലിസ്റ്റുകളെങ്കിലും തിരിച്ചറിയണമെന്നും പറയുന്നു.


Dont miss ജീന്‍സ് മാന്യമായ വേഷമല്ല; കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ 


അന്തസ്സോടെ, പാഷനോടെ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകള്‍ പുറത്തുണ്ടെന്ന് മനസ്സിലാക്കണം. മംഗളം ആര്‍ക്കും ഒന്നിനും പ്രചോദനമാവില്ല. ബഹുമാനം തോന്നിക്കുന്നതോ പ്രത്യാശ ജനിപ്പിക്കുന്നതോ ആയ ഒന്നും അതിലില്ല. ഉണ്ടാവാനും പോകുന്നില്ല. അത് തുടങ്ങിയ നിമിഷത്തില്‍ത്തന്നെ ദുരന്തമായി മാറിയ ഒരു മാധ്യമമാണ്. മലയാളം ജേണലിസം എന്തല്ല എന്നതിന്റെ ഉദാഹരണമാണ് ചാനല്‍ എന്നും പറഞ്ഞ മനില മംഗളത്തില്‍ നിന്ന് പുറത്ത് വന്ന അല്‍ നീന അഷ്‌റഫിന് അഭിവാദ്യങ്ങള്‍ പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മംഗളം ടെലിവിഷന്‍ ചാനല്‍ മലയാളം മാധ്യമ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഒരു ദുരന്തമാണ്. മാര്‍ച്ച് 26 ഒരു ദുരന്ത ദിനവും. അത് മലയാളം ജേണലിസത്തിന്റെ മുഖ്യധാരയെ വാര്‍ത്ത / പോണ്‍ വാര്‍ത്ത എന്ന് രണ്ടായി പിളര്‍ക്കുന്നു. സാമ്പത്തികവും രാഷ്ടീയവുമായ വ്യക്തിയധിഷ്ഠിത സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയെടുത്ത, നൈതികതയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസ്സ് സ്ഥാപനം മാത്രമാണ് ഈ ന്യൂസ് പോണ്‍ ചാനല്‍. അത് കേരളത്തില്‍ പുതിയതും തുടരാന്‍ പാടില്ലാത്തതുമായ വാര്‍ത്താ രീതിയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. പോണോഗ്രഫി പോണോഗ്രഫിയായി സ്വതന്ത്രമായി നില നില്‍ക്കണം. വാര്‍ത്തകള്‍ വാര്‍ത്തകളായും. ന്യൂസ് റൂമുകള്‍ പോണ്‍ ഷൂട്ടിനും ടെലികാസ്റ്റിനും ഉള്ള ഇടങ്ങളായി പരിവര്‍ത്തിപ്പിക്കുന്നത് ശരിയല്ലല്ലോ.. രണ്ടും രണ്ട് തരം പ്രൊഫഷനാണ്. രണ്ടിനും രണ്ട് തരം ലക്ഷ്യങ്ങളാണുള്ളത്. പോണില്‍ ന്യൂസില്ല, ന്യൂസില്‍ പോണും.

ജേണലിസമാണ് എന്ന് ആ ചാനല്‍ കരുതുന്ന തരം ജോലിയുടെ ചെറു രൂപങ്ങള്‍ മുന്‍പ് കേരളത്തില്‍ ഉണ്ടായിരുന്നില്ലേ എന്ന് ആലോചിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. ന്യൂസ് പോണ്‍ വിഭാഗത്തില്‍പ്പെടുന്ന വാര്‍ത്തകളുടെ അംശങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. നിരവധി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളില്‍ ന്യൂസ് പോണ്‍ കണ്ടന്റ് ധാരാളമായി ഉണ്ട്. ന്യൂസ് പോണിന് മാത്രമായി പ്രിന്റിലും പ്രസിദ്ധീകരണങ്ങളുണ്ട്. പക്ഷേ..
ആ ചെറുപഴുതുകളിലൂടെ ഒരു ന്യൂസ് പോണ്‍ ചാനല്‍ മുഖ്യധാരയില്‍ ആധികാരികതയോടെ ഉണ്ടാക്കിയെടുക്കുന്ന സ്‌പേസിനെ, ന്യായീകരിക്കരുത്. ന്യൂസ് പോണ്‍ മെയ്ക്കിങ്ങിന് ഇരയാക്കപ്പെടുന്നവരുടെ – ലിംഗഭേദമില്ലാതെത്തന്നെ – നിസ്സഹായതയെ തിരച്ചറിയാതെ പോകരുത്.

ആ പോണ്‍ന്യൂസ് ചാനലിന്റെ ലോഞ്ച് , അതിലെ പോണ്‍ന്യൂസ് അവതാരകരുടെ ശരീരഭാഷ, അവതരണം, കണ്ടന്റ്, അതിലെ ജേണലിസ്റ്റുകളുടെ നിലവാരമില്ലാത്ത ന്യായീകരണങ്ങള്‍, ദുരന്തത്തെ തിരിച്ചറിഞ്ഞ മറ്റ് മാധ്യമങ്ങളിലെ ജേണലിസ്റ്റുകളോട് പോണ്‍ ന്യൂസ് ജേണലിസ്റ്റുകള്‍ ഉന്നയിക്കുന്ന കൊതിക്കെറുവിന്റെ അശ്ലീല ചോദ്യങ്ങള്‍. എല്ലാം ഭയപ്പെടുത്തുന്നു. ആ മാധ്യമത്തിനൊപ്പം നിന്ന് ന്യൂസ് പോണോഗ്രഫി ആസ്വദിക്കുന്ന ആള്‍ക്കൂട്ടം ചെടിപ്പിക്കുന്നു.
മഞ്ഞപ്പത്രങ്ങളും പോണ്‍ സാഹിത്യവും മാത്രം വായിച്ച് ശീലിച്ചവര്‍, പോണ്‍ വീഡിയോകള്‍ മാത്രം കണ്ട് ശീലിച്ചിട്ടുള്ളവര്‍ ടെലിവിഷന്‍ ചാനലിനെക്കുറിച്ച് ചിന്തിച്ചാല്‍ അതിന് മംഗളം ചാനലാവാനേ സാധിക്കൂ. സ്ത്രീ പ്രശ്‌നമെന്നാല്‍ ഫോണ്‍ സെക്‌സാണെന്ന് തെറ്റിദ്ധരിക്കുന്നത് അതുകൊണ്ടാണ്. ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം എന്നാല്‍ ജീവനക്കാരെ ഇരകളാക്കി ഫോണിലോ അല്ലാതെയോ ലൈംഗിക സംഭാഷണങ്ങളോ ദൃശ്യങ്ങളോ പകര്‍ത്തി എയര്‍ ചെയ്യുക എന്നതാണെന്ന് ധരിച്ചു പോകുന്നതും അതുകൊണ്ടാണ്.

ചൂണ്ടയില്‍ ഒരു പെണ്ണിരയുടെ, സഹപ്രവര്‍ത്തകയുടെ ശരീരം കൊളുത്തിയിട്ടിട്ടാണ് വലിയ ഇരയെ പിടിച്ചു എന്ന് മംഗളം അഭിമാനിക്കുന്നത്. മാത്രമല്ല മന്ത്രിയെ തുറന്നു കാട്ടാനെന്ന പേരില്‍ ദുസ്സൂചനയോടെത്തന്നെ മന്ത്രിക്കൊപ്പം ഒരു ചടങ്ങില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ ചിത്രം എഡിറ്റര്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതിലെ കടുത്ത സ്ത്രീവിരുദ്ധതയും ചൂഷണവും ക്രിമിനലിസവും മംഗളത്തിലെ സ്ത്രീകളായ ജേണലിസ്റ്റുകളെങ്കിലും തിരിച്ചറിയണം. അന്തസ്സോടെ, പാഷനോടെ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകള്‍ പുറത്തുണ്ടെന്ന് മനസ്സിലാക്കണം. മംഗളം ആര്‍ക്കും ഒന്നിനും പ്രചോദനമാവില്ല. ബഹുമാനം തോന്നിക്കുന്നതോ പ്രത്യാശ ജനിപ്പിക്കുന്നതോ ആയ ഒന്നും അതിലില്ല. ഉണ്ടാവാനും പോകുന്നില്ല. അത് തുടങ്ങിയ നിമിഷത്തില്‍ത്തന്നെ ദുരന്തമായി മാറിയ ഒരു മാധ്യമമാണ്. മലയാളം ജേണലിസം എന്തല്ല എന്നതിന്റെ ഉദാഹരണം. മംഗളത്തിൽ നിന്ന് പുറത്തു വന്ന Al Neema Ashraf അഭിവാദ്യങ്ങൾ