| Wednesday, 12th February 2025, 12:42 pm

എമ്പുരാൻ കണ്ട് ഞാൻ അന്തംവിട്ടപോലെ എല്ലാ പ്രേക്ഷകരും അന്തംവിടുമെന്നാണ് എന്റെ പ്രതീക്ഷ: മണിക്കുട്ടൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് എമ്പുരാൻ. 2019ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലർ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ, ഇപ്പോൾ എമ്പുരാന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് സിനിമാപ്രേമികൾ സ്വീകരിക്കുന്നത്.

മാർച്ച് 27നാണ് എമ്പുരാൻ തിയേറ്ററുകളിൽ എത്തുന്നത്. റിലീസിന് മുമ്പ് സിനിമയിലെ അഭിനേതാക്കളെ പ്രേക്ഷകർക്ക് മുമ്പിൽ പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് എമ്പുരാന്റെ അണിയറപ്രവർത്തകർ. ചിത്രത്തിലെ 36 അഭിനേതാക്കളെ വരുന്ന 18 ദിവസങ്ങളിലായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ്. മുപ്പതാമനായി ഇന്ന് രാവിലെ  പുറത്ത് വന്നിരിക്കുന്നത് മണിക്കുട്ടന്റെ ക്യാരക്ടർ പോസ്റ്ററും വീഡിയോയുമാണ്.

മണിക്കുട്ടൻ എന്ന പേരുതന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിനും എമ്പുരാനിൽ ഉള്ളത്. ലൂസിഫറിൽ താൻ ഡബ്ബിങ് ആർട്ടിസ്റ്റായിരുന്നുവെന്നും അന്ന് പൃഥ്വിരാജ് തന്ന വാക്കിനു പുറത്താണ് ഇന്ന് താൻ ഇവിടെ ഇരിക്കുന്നതെന്നും മണിക്കുട്ടൻ പറഞ്ഞു.

‘ലൂസിഫറിൽ ഡബ്ബ് ചെയ്തവരൊക്കെ എന്തിനാണ് എമ്പുരാനിൽ പ്രൊമോഷന് വേണ്ടി വന്നിരിക്കുന്നത് എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എന്നാൽ ലൂസിഫറിൽ എന്റെ പ്രെസൻസ് ശബ്‌ദം ആയിരുന്നെങ്കിൽ എമ്പുരാനിൽ ഒരു ശക്തമായ കഥാപാത്രമായാണ് എന്റെ പ്രെസൻസ് ഉള്ളത്.

ലൂസിഫർ എന്ന സിനിമയിൽ ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്യാൻ വേണ്ടി രാജു, ഇതിന്റെ സംവിധായകൻ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ഞാൻ വന്ന് ഡബ്ബ് ചെയ്തു. ഡബ്ബ് ചെയ്ത സമയത്ത് അദ്ദേഹത്തിനത് ഇഷ്ടമായി. കാരണം ട്രിവാൻഡ്രം സ്ലാങ് എനിക്ക് നന്നായിട്ട് വരുമെന്ന് അദ്ദേഹത്തിനറിയാം. അന്ന് അദ്ദേഹം എനിക്കൊരു വാക്ക് തന്നിരുന്നു, ലൂസിഫറിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുകയാണെങ്കിൽ അതിൽ മണിക്കുട്ടൻ ഒരു ക്യാരക്ടർ ചെയ്യുമെന്ന്.

ആ വാക്ക് അദ്ദേഹം പാലിച്ചതാണ് എമ്പുരാനിൽ ഇതുപോലൊരു മനോഹരമായ കഥാപാത്രം എനിക്ക് കിട്ടിയത്. ഇതിലെ എന്റെ കഥാപാത്രത്തിന്റെ പേര് മണിക്കുട്ടൻ എന്ന് തന്നെയാണ്. വളരെ മനോഹരമായിട്ടാണ് അദ്ദേഹം എനിക്ക് ആ കഥാപത്രത്തെ നരേറ്റ് ചെയ്ത് തന്നത്.

പല സീനുകൾ കുറിച്ചും എന്നോട് പറയരുതെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് തുറന്ന് പറയാൻ കഴിയാത്തത്. തീർച്ചയായും ഞാൻ അന്തംവിട്ടപോലെ എല്ലാ പ്രേക്ഷകരും എമ്പുരാൻ കണ്ട് അന്തം വിടുമെന്നാണ് എന്റെ പ്രതീക്ഷ,’ മണിക്കുട്ടൻ പറയുന്നു.

Content highlight: Manikuttan talks about Empuraan Movie

We use cookies to give you the best possible experience. Learn more