പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിൽ തുടക്കം മുതൽ ഹൈപ്പിൽ കയറിയ ചിത്രമായിരുന്നു ലൂസിഫർ. ഒടിയൻ എന്ന പരാജയ ചിത്രത്തിന് ശേഷം മോഹൻലാലിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു ലൂസിഫറിലൂടെ പ്രേക്ഷകർ കണ്ടത്. ബോക്സ് ഓഫീസ് കളക്ഷനൊപ്പം നിരൂപക പ്രശംസ നേടാനും ലൂസിഫറിന് സാധിച്ചു.
ലൂസിഫറിന്റെ വമ്പൻ വിജയത്തിന് ശേഷം രണ്ടാംഭാഗമായ എമ്പുരാനും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുകയാണ് എമ്പുരാന്‍.
ലൂസിഫറിൽ അനീഷ് എന്ന നടന് ഡബ്ബ് ചെയ്തത് നടൻ മണിക്കുട്ടൻ ആയിരുന്നു. താനും പൃഥ്വിയും സുഹൃത്തുക്കളാണെന്നും ആ കഥാപാത്രത്തിന് ട്രിവാൻഡ്രം സ്ലാങ് വേണമെന്ന ആഗ്രഹമുള്ളത് കൊണ്ടാണ് പൃഥ്വി തന്നെ സിനിമയിൽ ഡബ്ബ് ചെയ്യാൻ വിളിച്ചതെന്നും മണിക്കുട്ടൻ പറയുന്നു. അത്രയും ശ്രദ്ധയോടെ സിനിമ ചെയ്യുന്ന ഒരാളാണ് പൃഥ്വിരാജെന്നും ഭാവിയിൽ മലയാള സിനിമ പൃഥ്വിരാജിന് മുമ്പും ശേഷവുമെന്ന് അറിയപ്പെടുമെന്നും മണിക്കുട്ടൻ പറഞ്ഞു.
‘ലൂസിഫറിൽ അനീഷ് എന്നൊരു ആക്ടറിന് ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജും ഞാനുമൊക്കെ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾ പണ്ടൊക്കെ ഇരിക്കുന്ന സമയത്ത് ഞാൻ ട്രിവാൻഡ്രം സ്ലാങ്ങിൽ തമാശയൊക്കെ പറയുമായിരുന്നു.
അതൊക്കെ പുള്ളി ഓർത്തിരുന്നിട്ട് ട്രിവാൻഡ്രം സ്ലാങ് ആ കഥാപാത്രത്തിന് വേണമെന്ന് തോന്നിയിട്ടാണ് എന്നെ ഡബ്ബിങ്ങിന് വിളിച്ചത്. രാജു അത്രയും ശ്രദ്ധിച്ച് ചെയ്ത സിനിമയാണ് ലൂസിഫർ. ഞാൻ അന്ന് മാമാങ്കത്തിന്റെ ഷൂട്ടിലായിരുന്നു. കണ്ണൂരിൽ നിന്ന് ഞാൻ രാത്രി ബസിൽ കയറിയാണ് ഡബ്ബ് ചെയ്യാൻ പോയത്.
എനിക്ക് നല്ല ത്രില്ലായിരുന്നു ലൂസിഫറിൽ ഡബ്ബ് ചെയ്യാൻ. അന്നെനിക്ക് അറിയാമായിരുന്നു വിനീതേട്ടനാണ് വിവേക് ഒബ്റോയിക്ക് ഡബ്ബ് ചെയ്യുന്നതെന്ന്. ഞാനത് നിന്ന് കണ്ടിട്ടുണ്ട്. അദ്ദേഹത്തോട് ഞാൻ പറയുകയും ചെയ്തു, ചേട്ടൻ കിടിലനായിട്ടാണ് ഡബ്ബ് ചെയ്യുന്നതെന്ന്.
പക്ഷെ നമുക്കത് പുറത്ത് പറയാൻ പറ്റില്ല. ആ ഡബ്ബിങ് ചെയ്യുമ്പോൾ രാജു പറഞ്ഞു, മണിക്കുട്ടാ നമുക്ക് അടുത്തതിൽ എന്തെങ്കിലും ചെയ്യണമെന്ന്. കുറച്ച് ഭാഗം ഡബ്ബ് ചെയ്യാനായി അദ്ദേഹം എന്നെ ഓർത്തു. അതൊരു വലിയ കാര്യമാണ്. ഞാൻ പറയുന്നത് മലയാള സിനിമ ഇനി രാജുവിന് മുമ്പ് രാജുവിന് ശേഷം എന്നറിയപ്പെടുന്ന ഒരു കാലം വരും,’മണിക്കുട്ടൻ പറയുന്നു.
Content Highlight: manikuttan About Prithviraj And Lucifer Movie