പുതിയ ചിത്രമായ നവരസയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ മണിക്കുട്ടന്‍. ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമായ നവരസയില്‍ പ്രിയദര്‍ശനൊരുക്കുന്ന സമ്മര്‍ 92 എന്ന ചിത്രത്തിലാണ് മണിക്കുട്ടന്‍ അഭിനയിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ടെക്നീഷ്യന്മാരും കലാകാരന്മാരും ഒന്നിക്കുന്ന ചിത്രത്തില്‍ അവസരം ലഭിച്ചത് ലോട്ടറിയടിച്ചതിനേക്കാള്‍ വലിയ ഭാഗ്യമാണെന്ന് മണിക്കുട്ടന്‍ പറയുന്നു.
‘പ്രിയദര്‍ശന്‍ സര്‍ സംവിധാനം ചെയ്യുന്ന സമ്മര്‍ 92 ഒമ്പത് രസങ്ങളില്‍ ഒന്നായ ഹാസ്യമാണ് കൈകാര്യം ചെയ്യുന്നത്. 2020 ഡിസംബറിലാണ് പ്രിയന്‍ സാറിന്റെ അസോസിയേറ്റായ അനി (സംവിധായകന്‍ അനി ഐ.വി. ശശി) ഈ ചിത്രത്തിന്റെ കാര്യം പറഞ്ഞ് എന്നെ വിളിക്കുന്നത്.
അനിയുടെ കോള്‍ വന്നപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി.
വലിയൊരു പ്രോജക്ട് അതും മണിരത്നം സാറിന്റെ മേല്‍നോട്ടത്തില്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ടെക്നീഷ്യന്മാരും കലാകാരന്മാരും അണിയറയിലും ക്യാമറയ്ക്ക് മുന്നിലും ഒത്തു ചേരുന്ന ചിത്രം. അതിന്റെ ഒരു ഭാഗമാവുക എന്ന് പറയുന്നത് തന്നെ ഭാഗ്യമാണ്. ലോട്ടറി അടിച്ചു എന്നല്ല അതിനും മീതേയാണ്.
റിയാലിറ്റി ഷോയുടെ ഭാഗമാവാന്‍ പോവുന്നതിന്റെ മുമ്പ് ഞാന്‍ ചെയ്ത ചിത്രമാണിത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും മണി എന്നാണ്. യോഗി ബാബു സാറിന്റെ കഥാപാത്രത്തിന്റെ ചെറുപ്പക്കാലത്ത് അദ്ദേഹത്തെ പഠിപ്പിച്ച മാഷിന്റെ വേഷമാണ്. പ്രിയന്‍ സാറുമായുള്ള എന്റെ നാലാമത്തെ ചിത്രമാണിത്. ഒരു അഭിനേതാവിന്റെ പോസറ്റീവ് വശങ്ങള്‍ മാത്രം കാണുന്ന സംവിധായകനാണ് അദ്ദേഹം,’ മണിക്കുട്ടന്‍ പറഞ്ഞു.
സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന നവരസയുടെ ട്രെയിലര്‍ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടിരുന്നു. ആഗസ്റ്റ് ആറിനാണ് നവരസ റിലീസ് ചെയ്യുന്നത്.
ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.
ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് സിനിമയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.