2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപി തിരക്കഥയെഴുതിയ ഈ സിനിമ ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു നിര്‍മിച്ചത്. ലൂസിഫറില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായുമാണ് എത്തിയത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന സവിശേഷതയും ഇതിനുണ്ടായിരുന്നു. മോഹന്‍ലാലിന് പുറകെ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
നടന്‍ മണിക്കുട്ടന്‍ ലൂസിഫറില്‍ ഒരു കഥാപാത്രത്തിനായി ഡബ്ബ് ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ വന്നപ്പോള്‍ അതില്‍ ഒരു വേഷം ചെയ്യുകയും ചെയ്തു. മണി എന്ന കഥാപാത്രമായിട്ടായിരുന്നു മണിക്കുട്ടന്‍ എമ്പുരാനില്‍ എത്തിയത്.
ഇപ്പോള്‍ എമ്പുരാനെ കുറിച്ച് പറയുകയാണ് മണിക്കുട്ടന്‍. ലൂസിഫര്‍ കഴിഞ്ഞ് രണ്ടാം ഭാഗമായ എമ്പുരാനിലേക്ക് വരുമ്പോള്‍ പ്രൊമോഷന്‍ കിട്ടിയ നടന്‍ താന്‍ മാത്രമേ ഉണ്ടാകുകയുള്ളു എന്നാണ് മണിക്കുട്ടന്‍ പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലൂസിഫറില്‍ ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. ലൂസിഫര്‍ കഴിഞ്ഞിട്ട് രണ്ടാം ഭാഗമായ എമ്പുരാനിലേക്ക് വരുമ്പോള്‍ പ്രൊമോഷന്‍ കിട്ടിയ ആക്ടര്‍ ഞാന്‍ മാത്രമേ ഉണ്ടാകുകയുള്ളൂ (ചിരി). ഒരു സിനിമയില്‍ ഡബ്ബ് ചെയ്യുക, അതിന്റെ സെക്കന്റ് പാര്‍ട്ടില്‍ അഭിനയിക്കുക എന്ന് പറയുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.
മണി എന്നാണ് എമ്പുരാനിലെ എന്റെ കഥാപാത്രത്തിന്റെ പേര്. എനിക്ക് കൂടുതലും സുരാജേട്ടനുമായിട്ടായിരുന്നു കോമ്പിനേഷന്‍ ഉണ്ടായിരുന്നത്. എമ്പുരാന്റെ സംവിധായകനായ പൃഥ്വിരാജിനൊപ്പം ഞാന്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്.
ഇത്തവണ സംവിധായകനാകുമ്പോള്‍ അദ്ദേഹം കൂടുതലും ക്യാമറയുടെ പിന്നിലാണ് നില്‍ക്കുന്നത്. ആ സമയത്ത് ക്യാമറയുടെ മുന്നില്‍ നിന്ന് അഭിനയിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടായിരുന്നു.
പിന്നെ മുരളി ഗോപി ചേട്ടനൊപ്പമുള്ള രണ്ടാമത്തെ സിനിമയായിരുന്നു എമ്പുരാന്‍. മുമ്പ് അദ്ദേഹത്തിനൊപ്പം കമ്മാര സംഭവം സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു.
ഒപ്പം നമ്മുടെയെല്ലം പ്രിയങ്കരനായ ലാലേട്ടന്‍. ഞാന്‍ വലിയൊരു ലാലേട്ടന്‍ ഫാനാണ്. അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ ഭാഗമാകാന്‍ പറ്റി. നമ്മള്‍ കാത്തിരുന്ന ഒരു സിനിമയാണല്ലോ എമ്പുരാന്‍,’ മണിക്കുട്ടന്‍ പറയുന്നു.
Content Highlight: Manikkuttan Talks About Empuraan