| Monday, 15th March 2021, 11:31 am

'തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല'; ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വം നിരസിച്ചതിന് പിന്നാലെ അംബേദ്ക്കറിനെ ഓര്‍മ്മിപ്പിച്ച് മണിക്കുട്ടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: ബി.ജെ.പി ദേശീയ നേതൃത്വം നിര്‍ദേശിച്ച മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സി. മണിക്കുട്ടന്‍.

‘ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ എന്ന അംബേദ്ക്കറിന്റെ വാക്കുകള്‍ പോസ്റ്റ് ചെയ്താണ് മണിക്കുട്ടന്‍ ബി.ജെ.പിക്ക് മറുപടി നല്‍കിയിരിക്കുന്നത്.

മണിക്കുട്ടന്റെ സമ്മതമില്ലാതെയാണ് ബി.ജെ.പി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പണിയ ആദിവാസി സമുദായത്തില്‍ പെട്ടയാളാണ് ഇദ്ദേഹം. ഈ വിഭാഗത്തില്‍ നിന്നുള്ള ആദ്യ എം.ബി.എ കാരന്‍ കൂടിയാണ് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ടീച്ചിങ് അസിസ്റ്റന്റായ മണിക്കുട്ടന്‍.

പണിയ വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ദേശീയ നേതൃത്വം മണിക്കുട്ടനെ നിര്‍ദേശിച്ചത്. ബി.ജെ.പിയുടെ ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ മണിക്കുട്ടന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു.

ഇന്നേവരെ ഇടതുവലതു മുന്നണികള്‍ പണിയ സമുദായത്തില്‍ നിന്നൊരാളെയും നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ല.

ഈ സാഹചര്യം മുതലെടുക്കാനാണ് ബി.ജെ.പി ശ്രമിച്ചതെങ്കിലും താന്‍ ബി.ജെ.പി അനുഭാവിയല്ലെന്നും തൊഴിലെടുത്ത് കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്തിറക്കിയ വീഡിയോയില്‍ മണിക്കുട്ടന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Manikkuttan Paniya  BR Ambedkkar Words BJP

We use cookies to give you the best possible experience. Learn more