|

റീല്‍സില്‍ ഹിറ്റായ മണികേയുടെ ഹിന്ദി വേര്‍ഷനുമായി നോറയും സിദ്ധാര്‍ത്ഥും; താങ്ക് ഗോഡിലെ ആദ്യഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അജയ് ദേവ്ഗണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന താങ്ക് ഗോഡ് എന്ന ചിത്രത്തിലെ ഗാനം പുറത്ത്. സിദ്ധാര്‍ത്ഥിനൊപ്പം നോറ ഫത്തേഹിയുമെത്തുന്ന മണികേ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. 2021ല്‍ വൈറലായ ശ്രീലങ്കന്‍ പാട്ട് ‘മണികേ മാകേ ഹീത്തേ’ എന്ന പാട്ടിന്റെ ഹിന്ദി വേര്‍ഷനാണ് താങ്ക് ഗോഡില്‍ ഒരുക്കിയിരിക്കുന്നത്.

യോഹാനി, ജുബിന്‍ നൗട്ടിയാല്‍, സൂര്യ രഗുനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. രശ്മി വിരാഗ്, ദുലന്‍ എന്നിവരുടെ വരികള്‍ ചിട്ടപ്പെടുത്തിയത് തനിഷ്‌ക് ബാഗ്ചി, ചമത് സംഗീത് എന്നിവര്‍ ചേര്‍ന്നാണ്.

ജീവിതത്തിനും മരണത്തിനും ഇടയില്‍ ഒരു ഗെയിം കളിക്കുന്ന യുവാവിന്റെ കഥയാണ് താങ്ക് ഗോഡ് പറയുന്നത്. ചിത്രഗുപ്തനായിട്ടാണ് അജയ് ദേവ്ഗണ്‍ സിനിമയിലെത്തുന്നത്.

രാകുല്‍ പ്രീത് സിങ്ങാണ് ചിത്രത്തില്‍ സിദ്ധാര്‍ത്ഥിന്റെ നായികയായി എത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 25നാണ് സിനിമ റിലീസ് ചെയ്യുന്നത്.

ടി സീരിസിന്റെ ബാനറില്‍ ആനന്ദ് പണ്ഡിറ്റ്, ഭൂഷണ്‍ കുമാര്‍, അശോക് താക്കേറിയ, കൃഷന്‍ കുമാര്‍, സുനിര്‍ ഖേതര്‍പാല്‍, ദീപക് മുകുത്, മാര്‍ക്കണ്ട് അധികാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അതേസമയം കായസ്ത സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സിദ്ധാര്‍ത്ഥിനും സംവിധായകന്‍ ഇന്ദ്ര കുമാറിനുമെതിരെ ജൗന്‍പൂര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Content Highlight: manike song from thank god starring sidharth malhotra