| Friday, 8th March 2024, 11:43 am

ആ സീനില്‍ എങ്ങനെ അഭിനയിച്ചു എന്ന് ചോദിച്ചപ്പോള്‍ കുട്ടിക്കാലത്ത് ഇറച്ചിവെട്ടുന്ന കടയില്‍ കണ്ട കാഴ്ചയുടെ ഓര്‍മയില്‍ ചെയ്തതാണെന്ന് വിജയ് സേതുപതി പറഞ്ഞു: മണികണ്ഠന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, തിരക്കഥാകൃത്ത്, മിമിക്രി ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ നടനാണ് മണികണ്ഠന്‍. മിമക്രി റിയാലിറ്റി ഷോയിലൂടെ പരിചിതനായ മണികണ്ഠന്‍, പിസാ 2 എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിക്കൊണ്ടാണ് സിനിമാരംഗത്തേക്കെത്തിയത്. തമിഴിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ വിക്രം വേദയുടെ സംഭാഷണങ്ങളെഴുതിയതും മണികണ്ഠനാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയും താരം അവതരിപ്പിച്ചിരുന്നു. പരശുറാം സംവിധാനം ചെയ്ത ലവര്‍ ആണ് താരത്തിന്റെ പുതിയ റിലീസ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതിയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചു. കാതലും കടന്തു പോകും എന്ന സിനിമയില്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ടെങ്കിലും സംസാരിക്കാന്‍ പറ്റിയില്ലെന്നും, വിക്രം വേദയുടെ സെറ്റില്‍ വെച്ചാണ് കൂടുതല്‍ അടുത്തതെന്നും താരം പറഞ്ഞു. അദ്ദേഹം ഓരോ സീനിലും എങ്ങനെയാണ് അഭിനയിച്ചത് എന്ന് ചോദിച്ചാല്‍ വിശദമായി പറഞ്ഞുതരാറുണ്ടെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. വിജയ് സേതുപതിയുമായിട്ടുള്ള സൗഹൃദം എങ്ങനെയാണെന്നും സിനിമയുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് സംസാരിക്കാറുള്ളതെന്നുമുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘കാതലും കടന്ത് പോകും എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ സേതു അണ്ണനെ ആദ്യമായി കാണുന്നത്. അന്ന് പരിചയപ്പെടാന്‍ പറ്റിയില്ല. വിക്രം വേദയുടെ സെറ്റില്‍ വെച്ച് കൂടുതലായി അടുത്തു. എന്റെ ചേട്ടനെപ്പോലെയാണ് ഇപ്പോള്‍. ഗുഡ് നൈറ്റ് സിനിമ കണ്ടിട്ട് ഗംഭീരമായിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ ഇടക്കൊക്കെ കാണുമ്പോള്‍ കൂടുതലും സിനിമയെപ്പറ്റിയാണ് സംസാരിക്കാറുള്ളത്.

നമ്മളൊക്കെ അത്ഭുതപ്പെട്ട് പോകും പുള്ളി ചില കാര്യങ്ങള്‍ പറയുമ്പോള്‍. കാരണം നമ്മള്‍ക്കൊന്നും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ് ഓരോ സീനിലും അദ്ദേഹം റഫറന്‍സായി എടുക്കുന്നത്. ഒരു ഉദാഹരണം പറഞ്ഞാല്‍, ചെക്ക ചിവന്ത വാനം സിനിമയുടെ ക്ലൈമാക്‌സ് സീനില്‍ നാല് പ്രധാന കഥാപാത്രങ്ങളും ഒരുമിച്ച് കാറിലിരുന്നുള്ള ആക്ഷന്‍ സീക്വന്‍സുണ്ട്. മൂന്ന് സഹോദരന്മാരും പരസ്പരം വെടിവെച്ച് കൊല്ലുന്ന സീനാണ് അത്. ബാക്കി മൂന്ന് പേരോടും എങ്ങനെ പെര്‍ഫോം ചെയ്യണമെന്ന് മണി സാര്‍ പറഞ്ഞുകൊടുത്തു. വിജയ് സേതുപതിയോട് മാത്രം ഒന്നും പറഞ്ഞില്ല.

ആ സീനില്‍ അദ്ദേഹം ചെയ്തത് ബാക്കി മൂന്ന് പേരും പരസ്പരം കൊല്ലുമ്പോള്‍ പുള്ളിയുടെ കഥാപാത്രം ഇതില്‍ ഇടപെടാതെ വണ്ടിയോടിച്ചുകൊണ്ടിരിക്കുകയാണ്. ആ കഥാപാത്രത്തിന് ഇവര്‍ മൂന്ന് പേരും ഇല്ലാതാവണം. അതിന് പുള്ളി റഫറന്‍സായി എടുത്ത അനുഭവം എന്നെ ഞെട്ടിച്ചു. ‘കുട്ടിക്കാലത്ത് ചിക്കന്‍ വാങ്ങാന്‍ വേണ്ടി പോകുമായിരുന്നു. അവിടെ ഇറച്ചി വെട്ടുന്ന ആള്‍ കോഴിയുടെ കഴുത്ത് വെട്ടിയിട്ട് മാറ്റിയിടും. അത് കിടന്ന് പിടയുന്നത് കാണാതെ മാറി നിന്ന് നോക്കും. മരിച്ചതിന് ശേഷം അതിനെ വെട്ടി ആളുകള്‍ക്ക് കൊടുക്കും. ആ കഥാപാത്രത്തിന് ഞാന്‍ റഫറന്‍സ് എടുത്തത് അതാണ്’ സേതു അണ്ണന്‍ ഇത് പറഞ്ഞത് കേട്ട് ഞാന്‍ അന്തംവിട്ടിരുന്നു. എങ്ങനെയാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പറ്റുന്നതെന്ന് ആലോചിച്ചു,’ മണികണ്ഠന്‍ പറഞ്ഞു.

Content Highlight: Manikandan share the friendhip experience with Vijay Sethupathi

We use cookies to give you the best possible experience. Learn more