മിമിക്രി എന്ന കലയോട് ആളുകള്‍ക്ക് എന്നും പ്രത്യേക താത്പര്യമുണ്ട്. ഒരാളുടെ ശബ്ദം മറ്റൊരാള്‍ വളരെ പെര്‍ഫക്ഷനോടെ അനുകരിക്കുന്നത് എല്ലാവരും അത്ഭുതത്തോടെ നോക്കി കാണാറുണ്ട്. 1980കളുടെ അവസനാത്തോടെ മിമിക്രിക്ക് കേരളത്തില്‍ വലിയ സ്വീകാര്യത കൈവന്നു. നിരവധി ആളുകള്‍ മിമിക്രിയിലൂടെ സിനിമയിലേക്ക് കടന്നുവരികയും ചെയ്തു.
ഇന്നും മിമിക്രിക്ക് മലയാളികള്‍ക്കിടയില്‍ സ്വീകാര്യത ഒട്ടും കുറഞ്ഞിട്ടില്ല. മിമിക്രിയിലൂടെ സോഷ്യല്‍ മീഡിയയില്‍ പലരും ഇപ്പോള്‍ ശ്രദ്ധേയരാകുന്നുണ്ട്. അത്തരത്തില്‍ എല്ലാവരെയും അമ്പരപ്പിച്ച ഒരാളാണ് മഹേഷ് കുഞ്ഞുമോന്‍. ചാനല്‍ ഷോയിലൂടെ ശ്രദ്ധ നേടിയ മഹേഷ് സ്വന്തം ചാനലിലൂടെ ഇപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പിണറായി വിജയന്റെ മുതല്‍ ലയണല്‍ മെസിയുടെ ശബ്ദം വരെ മഹേഷ് അനുകരിച്ചത് എല്ലാവരയും അത്ഭുതപ്പെടുത്തി.
മലയാളത്തില്‍ മഹേഷിനെപ്പോലെ തമിഴില്‍ തന്റെ മിമിക്രിയിലൂടെ എല്ലാവരെയും ഞെട്ടിക്കുന്ന ഒരാളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നടനും സംവിധായകനുമായ മണികണ്ഠനാണ് തന്റെ ശബ്ദാനുകരണകലയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. ചാനല്‍ റിയാലിറ്റി ഷോയിലൂടെയാണ് മണികണ്ഠനും ശ്രദ്ധേയനാകുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത മണികണ്ഠന്‍ വിക്രം വേദയുടെ സംഭാഷണങ്ങള്‍ എഴുതി മുന്‍നിരയിലേക്കുയര്‍ന്നു.
കാല, ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മണികണ്ഠന്‍ തമിഴില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. എന്നാല്‍ ഇപ്പോള്‍ മണികണ്ഠന്റെ മിമിക്രിയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. പുതിയ ചിത്രമായ കുടുംബസ്ഥന്റെ പ്രൊമോഷന്‍ പരിപാടികളിലാണ് മണികണ്ഠന്‍ തന്റെ മിമിക്രി കൊണ്ട് അത്ഭുതപ്പെടുത്തുന്നത്.
അജിത്, രജിനികാന്ത്, വിജയ് സേതുപതി എന്നിവരുടെ ശബ്ദം വളരെ കൃത്യതയോടെ അനുകരിക്കുന്ന മണികണ്ഠന്‍ കമല്‍ ഹാസന്റെ പല വേരിയേഷനിലുള്ള ശബ്ദങ്ങളും അനുകരിച്ച് ഞെട്ടിക്കുന്നുണ്ട്. കമല്‍ ഹാസന്റെ ഓരോ സിനിമയിലെയും ഡയലോഗുകള്‍ ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് മണികണ്ഠന്‍ അവതരിപ്പിച്ചത്. കമല്‍ ഹാസന്റെ വലിയൊരു ആരാധകനാണ് താനെന്നും അദ്ദേഹത്തിന്റെ സിനിമകളാണ് തനിക്ക് പ്രചോദനമെന്നും മണികണ്ഠന്‍ പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്.
വിടുതലൈ 2വിലെ ചില രംഗങ്ങളില്‍ വിജയ് സേതുപതിക്കും, വേട്ടൈയനില്‍ അമിതാഭ് ബച്ചനും, ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമില്‍ വിജയകാന്തിനും ശബ്ദം നല്‍കിയത് മണികണ്ഠനായിരുന്നു. നടനായി വിസ്മയിപ്പിക്കുമ്പോഴും തന്റെ മിമിക്രിയെ കൈവിടാതെ മുന്നോട്ടുപോകുന്ന മണികണ്ഠനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവരുന്നുണ്ട്.
Content Highlight: Manikandan’s mimicry trending on Social media