ഈയിടെയായിരുന്നു അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വാര്‍ത്തയില്‍ മറ്റൊരു നടന്റെ ഫോട്ടോക്ക് പകരം നടന്‍ മണികണ്ഠന്‍ ആര്‍. ആചാരിയുടെ ഫോട്ടോ ഉപയോഗിച്ച് മലയാള മനോരമ ദിനപത്രം ഒരു വാര്‍ത്ത നല്‍കിയത്. പിന്നാലെ നടന്‍ മനോരമക്ക് എതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.
അന്ന് തനിക്ക് വേണ്ടി മാത്രമല്ല താന്‍ പ്രതികരിച്ചതെന്ന് പറയുകയാണ് മണികണ്ഠന്‍ ആര്‍. ആചാരി. സിനിമാ നടന്‍ മണികണ്ഠന്‍ എന്ന രീതിയില്‍ മാത്രമല്ല ജനം തന്നെ സപ്പോര്‍ട്ട് ചെയ്തതെന്നും ഒരു പൗരനെയാണ് അവര്‍ സപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
എപ്പോഴും സാധാരണക്കാരുടെ ഇടയില്‍ സാധാരണക്കാരനായി തന്നെ ജീവിക്കുന്ന സിനിമാ താരമാണ് താനെന്നും അനധികൃത സ്വത്ത് സമ്പാദന കേസിന് പകരം മയക്കുമരുന്ന് കേസോ സ്ത്രീ വിഷയമോ ആയിരുന്നെങ്കില്‍ ഇത്തരം സപ്പോര്‍ട്ട് തനിക്ക് ഉണ്ടാകുമായിരുന്നില്ലെന്നും മണികണ്ഠന്‍ പറയുന്നു. വണ്‍ റ്റു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ ഭാഗത്ത് ന്യായമുണ്ട് എന്നുള്ള നൂറ് ശതമാനം വിശ്വാസത്തിലാണ് അവര്‍ സപ്പോര്‍ട്ട് ചെയ്തത്. ഇത് മറ്റൊരു വാര്‍ത്ത ആയിരുന്നെങ്കില്‍ ഇങ്ങനെ ആകില്ലായിരുന്നു. ഇതൊരു സാമ്പത്തിക തട്ടിപ്പിന്റെ വാര്‍ത്തയായിരുന്നു. എല്ലാവര്‍ക്കും എന്റെ സാമ്പത്തികം എന്താണെന്ന് അറിയുന്നതാണ്.
എപ്പോഴും സാധാരണക്കാരുടെ ഇടയില്‍ സാധാരണക്കാരനായി തന്നെ ജീവിക്കുന്ന സിനിമാ താരമാണ് ഞാന്‍. വേറെയൊരു മയക്കുമരുന്ന് കേസോ സ്ത്രീ വിഷയമോ ആയിരുന്നെങ്കില്‍ ഇത്തരം സപ്പോര്‍ട്ട് എനിക്ക് ഉണ്ടാകുമായിരുന്നോ. ഒരിക്കലും ഉണ്ടാകില്ല.
എന്നെ അടുത്തറിയുന്നവര്‍ക്ക് എന്റെ സാമ്പത്തികം അറിയുന്നതാണ്. പൈസ റോള് ചെയ്തും കിട്ടുന്നത് സ്വരുക്കൂട്ടി വെച്ച് ലോണ്‍ അടച്ചും കൂടുതല്‍ കിട്ടുന്നത് മറ്റുള്ളവര്‍ക്ക് കൊടുത്തും മുന്നോട്ട് പോകുന്ന ആളാണ് ഞാന്‍. അത് ജനത്തിന് മുഴുവന്‍ അറിയാം. അതുകൊണ്ടാണ് എനിക്ക് ആ സപ്പോര്‍ട്ട് കിട്ടുന്നത്.
മറിച്ചായിരുന്നെങ്കില്‍ എന്റെ കുടുംബം തന്നെ തകര്‍ന്നു പോയേനെ. ഞാന്‍ ഒന്നുമല്ലാതെയായി പോയേനെ. ഞാന്‍ തിരുത്തി വരുമ്പോള്‍ എന്റെ വീട്ടില്‍ ഭാര്യയോ കുട്ടിയോ ഉണ്ടാവില്ല. എന്നെ സ്‌നേഹിച്ച മലയാളികള്‍ കൂടെയുണ്ടാവില്ല. ഞാന്‍ പ്രതിയായി തീര്‍ന്നേനെ. ഞാന്‍ ഒരു സിനിമാ താരമായത് കൊണ്ട് ഒരു വീഡിയോ ചെയ്തപ്പോള്‍ അതിന് വ്യൂസ് ഉണ്ടായി. മറിച്ച സാധാരണക്കാരനായിരുന്നെങ്കില്‍ എത്ര ആളുകള്‍ ഷെയര്‍ ചെയ്യും,’ മണികണ്ഠന്‍ ആര്‍. ആചാരി പറയുന്നു.
Content Highlight: Manikandan R Achari Talks About False News In Malayala Manorama