|

അനിയത്തിയുടെ കല്യാണം ക്ഷണിച്ചില്ലെങ്കിലും ആ സൂപ്പര്‍സ്റ്റാര്‍ വന്ന് മൂന്ന് ലക്ഷം രൂപ തന്നു, ചെലവ് നടത്തിയത് ആ പണം കൊണ്ട്: മണികണ്ഠന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ പുതിയ നടന്മാരില്‍ മികച്ച അഭിനേതാവാണ് മണികണ്ഠന്‍ കെ. റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ മണികണ്ഠന്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രം വേദ എന്ന ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയതും മണികണ്ഠനായിരുന്നു. ആ ചിത്രത്തില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. ജയ് ഭീം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ തന്റെ പേര് പതിപ്പിക്കാനും മണികണ്ഠന്‍ കഴിഞ്ഞു.

എന്നോട് വളരെ സ്‌നേഹമുള്ള ആളാണ് വിജയ് സേതുപതി സാര്‍ – മണികണ്ഠന്‍

ഇപ്പോള്‍ വിജയ് സേതുപതിയെ കുറിച്ച് സംസാരിക്കുകയാണ് മണികണ്ഠന്‍. തന്റെ അനിയത്തിയുടെ കല്യാണത്തിന് മര്യാദക്ക് ക്ഷണിച്ചില്ലെങ്കിലും വിജയ് സേതുപതി വന്നെന്നും മൂന്ന് ലക്ഷം രൂപ തന്നെന്നും മണികണ്ഠന്‍ പറയുന്നു. ആ പണം ഉള്ളതുകൊണ്ടാണ് തനിക്ക് കടമില്ലാതെ അനിയത്തിയുടെ കല്യാണം നടത്താന്‍ കഴിഞ്ഞതെന്നനും തന്നോട് വളരെ സ്‌നേഹമുള്ള ആളാണ് വിജയ് സേതുപതിയെന്നും മണികണ്ഠന്‍ പറഞ്ഞു. ടൂറിങ് ടോക്കീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ അനിയത്തിയുടെ കല്യാണത്തിന് ഞാന്‍ വിജയ് സാറിനെ മര്യാദക്ക് ഒരു ക്ഷണക്കത്ത് വെച്ച് വിളിച്ചിട്ടില്ല. എപ്പോഴോ ഒരു വട്ടം എന്റെ അനിയത്തിയുടെ കല്യാണം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഞാന്‍ എന്തൊക്കയോ തിരക്കിലേക്ക് പോയി. കല്യാണത്തിന് അന്ന് രാവിലെ എന്നെ വിളിച്ച് ‘എടാ അനിയത്തിയുടെ കല്യാണമല്ലേ, ലൊക്കേഷന്‍ അയക്ക്, ഞാന്‍ വരുന്നുണ്ട്’ എന്ന് പറഞ്ഞു.

ആ മൂന്ന് ലക്ഷം ഉണ്ടായതുകൊണ്ടാണ് എനിക്ക് മണ്ഡപത്തിന്റെ വാടകയും ബാക്കിയെല്ലാം കൊടുക്കാന്‍ കഴിഞ്ഞത്. അതില്ലായിരുന്നെങ്കില്‍ കടം വാങ്ങേണ്ടി വന്നേനെ

വീട്ടില്‍ വന്നിട്ട് അദ്ദേഹം അച്ഛനെയും അമ്മയെയും കണ്ടു. ‘നിങ്ങളാണോ ഇവനെ ജനിപ്പിച്ചേ, വളരെ നല്ല മകനാണ് നിങ്ങള്‍ക്ക് ഉണ്ടായത്. കുറേ കാലം ഇവന്‍ എങ്ങനെ ജീവിക്കും എന്നോര്‍ത്ത് ടെന്‍ഷന്‍ അടിച്ചിട്ടുണ്ടാകില്ലേ. ഇനി അതൊന്നും വേണ്ട, അവന്‍ എന്തായാലും രക്ഷപ്പെടും. വലിയ ഉയരത്തിലെത്തും’ എന്നൊക്കെ പറഞ്ഞു. എന്നിട്ട് പോകാന്‍ നേരത്ത് എന്റെ കയ്യില്‍ ഒരു മൂന്ന് ലക്ഷം രൂപ വെച്ചുതന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല.

പറഞ്ഞാല്‍ വിശ്വസിക്കില്ല, ആ മൂന്ന് ലക്ഷം ഉണ്ടായതുകൊണ്ടാണ് എനിക്ക് മണ്ഡപത്തിന്റെ വാടകയും ബാക്കിയെല്ലാം കൊടുക്കാന്‍ കഴിഞ്ഞത്. അതില്ലായിരുന്നെങ്കില്‍ കടം വാങ്ങേണ്ടി വന്നേനെ. എല്ലാം കൊടുത്ത് കഴിഞ്ഞ് എന്റെയും കൂട്ടുകാരന്റെയും കൈയ്യില്‍ ആ മൂന്ന് ലക്ഷത്തില്‍ നിന്ന് ബാക്കി 700 രൂപയാണ് ഉണ്ടായിരുന്നത്. എന്നോട് വളരെ സ്‌നേഹമുള്ള ആളാണ് വിജയ് സേതുപതി സാര്‍,’ മണികണ്ഠന്‍ .കെ പറയുന്നു.

Content Highlight: Manikandan K Talks About Vijay Sethupathi

Latest Stories

Video Stories