പാഷൻ മാത്രം നോക്കിയാൽ സിനിമയിൽ അഭിനയിക്കാൻ കഴിയില്ലെന്നും സിനിമ ഇന്നൊരു പ്രൊഫഷൻ കൂടിയാണെന്നുമാണ് നടൻ മണികണ്ഠൻ ആചാരി പറയുന്നത്.
രാഷ്ട്രീയം ഉൾപ്പെടുത്തിയല്ല താൻ കഥാപാത്രങ്ങളെ വീക്ഷിക്കാറെന്നും ബി.ജെ.പി അനുഭാവിയായിട്ടും ആർ. എസ്. എസ് കാരനായിട്ടും താൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും എന്ന് കരുതി തന്റെ രാഷ്ട്രീയം അതല്ലെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിനേതാവ് എന്ന നിലയിൽ ഞാൻ രാഷ്ട്രീയം ഉൾപ്പെടുത്തി കഥാപാത്രത്തെ വീക്ഷിക്കാറില്ല. എന്നെ ചലഞ്ച് ചെയ്യുന്ന എന്തു ഘടകമാണ് അഭിനയിക്കാനുള്ളതെന്നാണ് ഞാൻ നോക്കാറുള്ളത്. ഇത് പോയി എവിടെയാണ് കൊള്ളുന്നത് എങ്ങനെയാണ് ബാധിക്കുന്നത് എന്നൊന്നും നോക്കി അഭിനയിക്കാൻ കഴിയില്ല.
പാഷൻ മാത്രമല്ല ഇപ്പോൾ സിനിമ, പ്രൊഫഷനും കൂടിയാണ്. അങ്ങനെ നോക്കി കഴിഞ്ഞാൽ നമുക്ക് വിരലില്ലെണ്ണാവുന്ന സിനിമകളെ ചെയ്യാൻ കഴിയുള്ളൂ. ഒരു ബി.ജെ.പി അനുഭാവിയായിട്ടോ ആർ. എസ്. എസ് കാരനായിട്ടോ ഞാൻ അഭിനയിച്ചിട്ടുണ്ട്. അലമാര എന്ന സിനിമയിലും ഈട എന്ന ചിത്രത്തിലും.
അലമാരയിൽ ഇത്തിരി കോമഡിയായിട്ടാണ്. ചെറിയ സറ്റയർ ആയിട്ടാണ് അത് അവതരിപ്പിച്ചിട്ടുള്ളത്. ഈട എന്ന സിനിമയിൽ കുറച്ചുകൂടെ സീരിയസ് ആയിട്ടുള്ള രീതിയിൽ, ശക്തമായ രീതിയിലാണ് രാഷ്ട്രീയം അവതരിപ്പിക്കുന്നത്. അങ്ങനെ നോക്കി കഴിഞ്ഞാൽ എനിക്ക് ആ കഥാപാത്രം ചെയ്യാൻ കഴിയില്ല.
അതുകൊണ്ട് സിനിമാഭിനയത്തിൽ ഞാൻ എന്റെ രാഷ്ട്രീയം കലർത്താൻ നോക്കാറില്ല. അത് ഞാൻ രേഖപ്പെടുത്തുന്നത് പോളിങ് ബൂത്തിലാണ്. അല്ലാതെ അത് പറഞ്ഞോണ്ട് നടക്കാനോ, അതിൽ ചേരി തിരിഞ്ഞ് തമ്മിൽ അടിക്കാനോ ഞാനില്ല. ഞാൻ പൊതുജനത്തിന്റെ ആളാണ്. അവരുടെ എല്ലാം സ്വീകരിച്ച് ഇവിടെ വരെ എത്തിയ ആളാണ്. പെട്ടെന്ന് വന്നിട്ട് മണികണ്ഠൻ ആചാരി ആയതല്ല.
എനിക്ക് പഠിക്കാൻ സൗകര്യം തന്നതിൽ ഭക്ഷണം കഴിക്കാൻ സഹായിച്ചതിൽ ബി.ജെ.പിയുണ്ട് കോൺഗ്രസ് ഉണ്ട്, മുസ്‌ലിം ലീഗ് കാരുണ്ട്. അന്ന് ഞാൻ അവരുടെ അടുത്ത് നിന്ന് തരംതിരിച്ച് സഹായം വാങ്ങിയിട്ടില്ല. അതിപ്പോഴും അങ്ങനെ തന്നെയാണ്. എന്നാൽ വോട്ട് ചെയ്യാൻ പോവുമ്പോൾ എന്റേതായ, ഞാൻ പിന്തുടരുന്ന, വിശ്വസിക്കുന്ന ഒരു രാഷ്ട്രീയം ഉണ്ടാവുമല്ലോ. അതിലാണ് മുന്നോട്ട് പോവുന്നത്,’മണികണ്ഠൻ ആചാരി പറയുന്നു.
Content Highlight: Manikandan Achari Says That, he have acted as a BJP person, But It Is Not His Politics