താന്‍ ഒരു സാധാരണ മനുഷ്യനാണെന്നും വീഴ്ച്ചകളില്‍ വല്ലാതെ വിഷമിക്കുകയും വിജയങ്ങളില്‍ ആഹ്ലാദിക്കുകയും ചെയ്യുന്ന ആളാണെന്നും പറയുകയാണ് മണികണ്ഠന്‍ ആചാരി. അതിനെ കണ്ട്രോള് ചെയ്ത് താന്‍ അങ്ങനെയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും താരം പറഞ്ഞു.
ഒരു സിനിമ പരാജയപ്പെട്ടാല്‍ അതില്‍ കരയുന്ന വ്യക്തിയാണ് താനെന്നും മണികണ്ഠന്‍ ആചാരി പറയുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം. ഒരു സിനിമ വിജയിച്ചാല്‍ താന്‍ സന്തോഷിക്കുമെന്ന് പറഞ്ഞ മണികണ്ഠന്‍ ആചാരി ആ സന്തോഷം മറ്റൊരാളെ വേദനിപ്പിക്കുകയോ വെറുപ്പിക്കുകയോയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. വീഴ്ച്ചകളില്‍ വല്ലാതെ വിഷമിക്കുകയും വിജയങ്ങളില്‍ ആഹ്ലാദിക്കുകയും ചെയ്യുന്ന ആളാണ്. എനിക്ക് അതിനെ കണ്ട്രോള് ചെയ്ത് ഞാന്‍ അങ്ങനെയല്ലെന്ന് പറയാന്‍ കഴിയില്ല. പറഞ്ഞാല്‍ ഞാന്‍ ഞാനേയല്ലാതെ ആകും.
എന്റെ പടം പൊട്ടിയാല്‍ ഞാന്‍ കരയും. പടം വിജയിച്ചാല്‍ ഞാന്‍ സന്തോഷിക്കും. പക്ഷേ എന്റെ സന്തോഷം മറ്റൊരാളെ വേദനിപ്പിക്കുകയോ വെറുപ്പിക്കുകയോയില്ല,’ മണികണ്ഠന്‍ ആചാരി പറഞ്ഞു.
താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ സാന്നിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസ് നിര്‍മിച്ച ഏറ്റവും പുതിയ ചിത്രമാണ് ഇത്.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമാ മേഖലയിലേക്ക് കടന്നു വന്ന ഉല്ലാസ് ചെമ്പനാണ് അഞ്ചക്കള്ളകോക്കാന്‍ സംവിധാനം ചെയ്തത്. ചിത്രത്തെ കുറിച്ചും മണികണ്ഠന്‍ ആചാരി അഭിമുഖത്തില്‍ സംസാരിച്ചു.
‘ഒരു കഥാപാത്രം എവിടുന്ന് വന്നു, എന്ത് ചെയ്തു, എങ്ങോട്ട് പോയി എന്നൊക്കെയുള്ള കാര്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ മാത്രമാണ് ആ കഥാപാത്രം സംസാരിക്കപെടുക. അങ്ങനെ എവിടെ നിന്ന് വന്നു, എന്ത് ചെയ്തു, എങ്ങോട്ട് പോയി എന്നൊക്കെ പറയുന്ന കഥാപാത്രങ്ങള്‍ എനിക്ക് വിരലില്‍ എണ്ണാവുന്നതേയുള്ളൂ.
ആ വിരലില്‍ എണ്ണാവുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകരും എണ്ണിയിട്ടുള്ള കഥാപാത്രങ്ങളാണ്. കമ്മട്ടിപാടം, വര്‍ണ്യത്തില്‍ ആശങ്ക, അലമാര, കാര്‍ബണ്‍ പോലുള്ള സിനിമകള്‍ അത്തരത്തില്‍ ഉള്ളതാണ്. ഇപ്പോള്‍ അഞ്ചക്കള്ളകോക്കാനും ആ കൂട്ടത്തിലുണ്ട്,’ മണികണ്ഠന്‍ ആചാരി പറഞ്ഞു.
Content Highlight: Manikandan Achari Says He Is An Ordinary Man